/sathyam/media/media_files/2025/08/27/mohanlal-2025-08-27-09-14-19.jpeg)
പഴയ സിനിമകള്‍ താനിന്ന് കാണാറില്ലെന്ന് മോഹന്‍ലാല്‍. ആ സിനിമകള്‍ കാണുമ്പോള്‍ തന്റെ കൂടെ പണ്ട് അഭിനയിച്ചവരില്‍ പലരും ഇന്ന് കൂടെയില്ലെന്ന സങ്കടം മനസിലേക്ക് വരുമെന്നും മോഹന്‍ലാല്‍ പറയുന്നു.
''പഴയ സിനിമകളിലെ സീനുകള്‍ കാണുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ മനസിലേക്ക് ഓടിയെത്തും. അന്നത്തെ സ്ഥലങ്ങളും കൂടെ അഭിനയിച്ചവരുമൊക്കെ. ഇപ്പോള്‍ റീലുകളിലൂടെ കൊച്ചു കൊച്ചു ഭാഗങ്ങളായി കാണാമല്ലോ.
ചില സമയങ്ങളിലൊക്കെ ഒരുപാട് പേരെ ഓര്‍ക്കാന്‍ സാധ്യതയുണ്ട്. അതില്‍ പലരും ഇന്ന് ഇല്ല. വലിയ സങ്കടമാണ്, ചില സീനുകളൊക്കെ നോക്കുമ്പോള്‍ ഞാന്‍ മാത്രമേയുള്ളൂ, ബാക്കിയാരുമില്ല. അങ്ങനെ വരുമ്പോള്‍ സങ്കടം വരും.
ആ സമയത്ത് നമ്മള്‍ വളരെ ആസ്വദിച്ച് ചെയ്ത സിനിമകളാണ്. ഈയ്യടുത്ത് ചന്ദ്രലേഖ എന്ന സിനിമയിലെ ഒരു സീന്‍ കണ്ടു. അതില്‍ എനിക്ക് ചുറ്റും നിന്ന് അഭിനയിച്ച ആരും ഇന്നില്ല. ഞാന്‍ മാത്രമേയുള്ളൂ.
എന്റെയടുത്ത് മധു സാര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ലാലു സിനിമ കാണുമ്പോള്‍ സങ്കടം വരുമെന്ന്. എന്തുപറ്റി സാര്‍ എന്ന് ചോദിച്ചപ്പോള്‍ ഒരുത്തന്‍ പോലുമില്ല, ഞാന്‍ മാത്രമേയുള്ളു ഇന്ന് എന്നായിരുന്നു മറുപടി.
അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചവരും സംവിധായകരും ക്യാമറാമാന്മാരുമൊന്നും ഇന്നില്ല. അതൊരു സങ്കടമാണ്. എങ്കിലും അന്നത്തെ നിമിഷങ്ങള്‍ ഓര്‍ത്ത് ആസ്വദിക്കാനാകും. പഴയ സിനിമകള്‍ ഞാന്‍ അധികം കാണാറില്ല..''