ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് അപ്രതീക്ഷിതമായി നവാസിന്റെ ഫോണ്‍കോളെത്തി, അവന്‍ വളരെയധികം സന്തോഷത്തിലാണ് സംസാരിച്ചത്: ഷാജു ശ്രീധര്‍

"ഞങ്ങളുടെ പഴയ മിമിക്രക്കാലത്തെക്കുറിച്ചൊക്കെ വാതോരെ സംസാരിച്ചു.."

author-image
ഫിലിം ഡസ്ക്
New Update
62ea2797-e0ad-4919-a149-aa299db8b5f7

ഉറ്റ സുഹൃത്ത് കലാഭവന്‍ നവാസിന്റെ ഓര്‍മയില്‍ വിതുമ്പി ഷാജു ശ്രീധര്‍. 

''ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് അപ്രതീക്ഷിതമായി നവാസിന്റെ ഫോണ്‍കോളെത്തി. ഞാന്‍ പുത്തന്‍കുരിശില്‍ ജീത്തു ജോസഫിന്റെ സെറ്റിലായിരുന്നു. 15 മിനിറ്റോളം ഞങ്ങള്‍ സംസാരിച്ചു. 

Advertisment

ചോറ്റാനിക്കരയിലുണ്ടെന്നും നവാസിന്റെ പുതിയ സിനിമയുടെ വിശേഷങ്ങളുമൊക്കെ പറഞ്ഞു. അവന്‍ വളരെയധികം സന്തോഷത്തിലാണ് സംസാരിച്ചത്. ഞങ്ങളുടെ പഴയ മിമിക്രക്കാലത്തെക്കുറിച്ചൊക്കെ വാതോരെ സംസാരിച്ചു. 

ഞാനും നവാസും കോട്ടയം നസീറും ഒരുമിച്ചു മിമിക്രി ചെയ്തിരുന്ന ആ കാലത്തെക്കുറിച്ചൊക്കെ നവാസ് സന്തോഷത്തോടെയാണ് പറഞ്ഞത്. ഇതിനിടയ്ക്ക് എന്റെ ഷൂട്ട് തുടങ്ങാന്‍ സമയമായപ്പോള്‍ നമുക്ക് ഉടനെ കാണാമെന്നു പറഞ്ഞാണ് ഫോണ്‍ വച്ചത്. രാത്രിയോടെ അവന്റെ മരണവിവരമാണ് എത്തിയത്.

എനിക്ക് ഇതുവരെ അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ഇന്ന് പുലര്‍ച്ചെ രണ്ടുവരെ ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ തന്നെയുണ്ടായിരുന്നു. ജൂണ്‍ 22ന് കൊച്ചിയില്‍ നടന്ന 'അമ്മ' ജനറല്‍ബോഡി മീറ്റിംഗിലാണ് ഞങ്ങള്‍ ഇരുവരും അവസാനമായി കണ്ടത്. 

അന്ന് ഒത്തിരിനേരം സംസാരിച്ചു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് തമാശയൊക്കെ പറഞ്ഞാണ് പിരിഞ്ഞത്. ഞങ്ങള്‍ക്കിടയില്‍ തമാശകള്‍ മാത്രമാണ് എന്നുമുണ്ടായിരുന്നത്. 21 വര്‍ഷം മുമ്പ് ഞങ്ങള്‍ ഇരുവരും വിവാഹതിരായതും ഒരു ഒക്ടോബര്‍ 27നു തന്നെയായിരുന്നു. എന്റെ ഭാര്യ ചാന്ദ്നിയും നവാസിന്റെ ഭാര്യ രഹ്നയും അടുത്ത സുഹൃത്തുക്കളാണ്. ഇരു കുടുംബങ്ങളും ഇടയ്ക്ക് ഒത്തുചേരാറുമുണ്ട്.

നവാസ് ഇനിയില്ലെന്ന് എനിക്ക് ഇതുവരെ വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു അസുഖവുമില്ലാതെ ആരോഗ്യവാനായിരുന്ന ആള്‍ പെട്ടെന്ന് കണ്‍മുന്നില്‍ നിന്നു മറയുമ്പോള്‍... മണിക്കൂറുകള്‍ക്ക് മുമ്പ് വരെ സംസാരിച്ച ആള്‍ പെട്ടെന്ന് പോയെന്ന് അറിയുമ്പേള്‍... അത് ഉള്‍ക്കൊള്ളാന്‍ എനിക്ക് ഇനി ഏറെക്കാലമെടുക്കും...'' 

Advertisment