ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍ . മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം ജനുവരി 25നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഒരു വീഡിയോ ഗാനം റിലീസ് ചെയ്തിരുന്നു. പി എസ് റഫീഖ് രചന നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാര്‍ വാക്കിയിലും അഭയ ഹിരണ്‍മയിയുമാണ്. ഇപ്പോഴിതാ ചിത്രത്തില്‍ പാടിയപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് ഗായിക അഭയ ഹിരണ്‍മയി.
ഒരു വര്‍ഷം മുന്‍പ് പാടിയ പാട്ട് വാലിബന് വേണ്ടിയാണെന്ന് അറിയില്ലായിരുന്നുവെന്നും അഭിമാനം തോന്നിയ നിമിഷമാണ് ഇതെന്നും അഭയ പറഞ്ഞു. 'പുന്നാര കാട്ടിലെ പൂവനത്തില്‍' എന്ന ഗാനമാണിത്. സംവിധായകന്‍ പ്രശാന്ത് പിള്ളയുടെ അസിസ്റ്റന്റ് ആയിരുന്നു ഒരു വര്‍ഷം മുമ്പ് ഈ പാട്ട് പാടാനായി അഭയയെ വിളിച്ചത്. പ്രശാന്തിന്റെ പാട്ടാണെന്ന് മാത്രമറിയാം. പാട്ട് പാടുക മാത്രമാണ് ധര്‍മ്മം, തന്നെ വിളിക്കുന്നത് ഏത് സിനിമയ്ക്കാണെന്ന് പോലും നോക്കാറില്ല എന്നാണ് അഭയ പറയുന്നത്.
അഭയയുടെ വാക്കുകള്‍
'ജീവിതത്തിലെ മനോഹരമായ ദിവസം ആണ് ഇന്ന്, നമ്മളോരുത്തരും പ്രതീക്ഷിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാല്‍ ചിത്രത്തിന്റെ ആദ്യ ഗാനം റിലീസാകുകയാണ്. ഒരു വര്‍ഷം മുന്നേ എനിക്ക് വളരെ ഇഷ്ടമുള്ള സംഗീത സംവിധായകന്‍ ആയ പ്രശാന്ത് പിള്ളൈ ഒരു ഗാനാലാപനത്തിനു ക്ഷണിക്കുകയും വളരെ തൃപ്തിയോടെ ആ ഗാനം പാടി സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങി വന്ന എനിക്ക് ഏതാണ് ഈ ഗാനം, ഏതു സിനിമയിലേതാണ് ഈ ഗാനം എന്നതിനെക്കുറിച്ചു ഒരു ഐഡിയയും ഇല്ലായിരുന്നു.
രണ്ടു മാസത്തിനു മുന്നേ ലിജോ ജോസ് പെല്ലിശ്ശേരി ഒരു കഥാപാത്രത്തിന് ഡബ്ബ് ചെയ്യാന്‍ എന്നെ വിളിക്കുകയും ആ ജോലി പൂര്‍ത്തീകരിച്ച ശേഷം 'അഭയ പാടിയ മലൈക്കോട്ടൈ വാലിബനിലെ പാട്ടു കേള്‍ക്കണ്ടേ' എന്ന് ചോദിക്കുകയും ലിജോ ഈ ഗാനം കേള്‍പ്പിച്ച് തരുന്ന സമയത്താണ് എനിക്ക് പോലും വിശ്വസിക്കാന്‍ പറ്റാത്ത തരത്തില്‍ നമ്മുടെ ലെജന്‍ഡറി ആക്ടര്‍ ലാലേട്ടന്റെ മലൈക്കോട്ടൈ വാലിബനില്‍ ഞാനും ഒരു ഭാഗമായ കാര്യം അറിയുന്നത്. ഒരുപാടു സന്തോഷം കിട്ടിയ നിമിഷം, അത്രേം പ്രൗഡ് തോന്നിയ നിമിഷം ആയിരുന്നു അത്. ലിജോക്കും പ്രശാന്ത് പിള്ളക്കും ഒത്തിരി നന്ദി. നിങ്ങളും ഈ ഗാനം ഏറ്റെടുക്കും എന്ന് വിശ്വസിക്കുന്നു' അഭയ ഹിരണ്മയി പറഞ്ഞു.