Advertisment

അദ്ദേഹത്തിനൊപ്പം ജീവിച്ചിരുന്നത് കൊണ്ട് പലരും തെറ്റിദ്ധരിച്ചതാകാം, ഞാൻ സന്തോഷം കൊണ്ട് ഭൂമിയിലും ആകാശത്തുമല്ലാത്ത അവസ്ഥയിൽ ആയിരുന്നു; അഭയ ഹിരൺമയി

മലൈക്കോട്ടൈ വാലിബനിലെ ഗാനമാണെന്ന് അറിയാതെയാണ് താൻ അത് പാടിയതെന്ന് അഭയ പറയുന്നു.

author-image
ഫിലിം ഡസ്ക്
New Update
abhaya hiranmayi new.jpg

മലയാളികൾക്ക് യാതൊരു പരിചയപ്പെടുത്തലിന്റെയും ആവശ്യമില്ലാത്ത ഗായികയാണ് അഭയ ഹിരൺമയി. വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് ശ്രദ്ധനേടിയിട്ടുള്ള അഭയ സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. പത്ത് വർഷത്തോളം സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ലിവിങ് റിലേഷനിലായിരുന്നു അഭയ. കഴിഞ്ഞ വർഷമാണ് ഇരുവരും വേർപിരിഞ്ഞത്. തുടർന്നാണ് അഭയയ്ക്ക് വലിയ രീതിയിലുള്ള സദാചാര ആക്രമണങ്ങൾ നേരിടേണ്ടി വന്നത്. എന്നാൽ അതിനെയൊന്നും കാര്യമാക്കാതെ തന്റെ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു അഭയ.

Advertisment

 ഇപ്പോഴിതാ പുതിയൊരു സന്തോഷത്തിലാണ് താരം. ഗോപി സുന്ദറിലൂടെ നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുള്ള അഭയ ഇപ്പോള്‍ വീണ്ടും പിന്നണി ഗായികയായി തിളങ്ങുകയാണ്. ഏറ്റവും പുതിയതായി മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി പാടി തരംഗമായി മാറിയിരിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മാലൈക്കോട്ടെ വാലിബന്‍ എന്ന സിനിമയിലെ 'പുന്നാര കാട്ടിലെ പൂവനത്തില്‍', എന്ന് തുടങ്ങുന്ന പാട്ടാണ് അഭയ പാടിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പാട്ട് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. പാട്ടിനെ കുറിച്ചും അഭയയുടെ ആലാപനത്തെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് ഉയരുന്നത്.

അതിനിടെ ആ പാട്ടിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് അഭയ ഹിരൺമയി. മലൈക്കോട്ടൈ വാലിബനിലെ ഗാനമാണെന്ന് അറിയാതെയാണ് താൻ അത് പാടിയതെന്ന് അഭയ പറയുന്നു. "സംഗീത സംവിധായകൻ പ്രശാന്ത് പിള്ള ഒരു ദിവസം എന്നെ വിളിച്ചിട്ട് ഒരു പാട്ട് നമുക്ക് ചെയ്തു നോക്കാം എന്നു പറഞ്ഞു. ഏകദേശം ഒരുവർഷം മുൻപാണ്. എനിക്കിഷ്ടമുള്ള സംഗീതസംവിധായകനാണ് പ്രശാന്ത്. അങ്ങനെ പാട്ടുപാടാൻ ഞാൻ അദ്ദേഹത്തിന്റെ അടുത്തുപോയി. എനിക്ക് പാട്ടു പറഞ്ഞു തന്നു, പാടി നോക്കിയപ്പോൾ നാടകഗാനം പോലെ ഒരു പാട്ടാണെന്നു തോന്നി. വളരെ ലളിതമായ, കേൾക്കുമ്പോൾ സുഖം തോന്നുന്ന ഒരു പാട്ടായിരുന്നു.

abhayahiranmayi-

പാട്ട് പാടാൻ വിളിക്കുമ്പോൾ ഏതു സിനിമയിലേക്ക്, ആരാണ് സംവിധായകൻ, ഈ പാട്ട് സിനിമയിൽ ഉണ്ടാകുമോ എന്നൊന്നും ഞാൻ ചോദിക്കാറില്ല. പാട്ട് പാടി തിരിച്ചു വരുമ്പോഴും ഏത് സിനിമയാണെന്ന് അറിയില്ലായിരുന്നു. രണ്ടുമാസം മുൻപ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി വിളിച്ചു. പാട്ടുപാടാൻ വിളിക്കുകയാണെന്നാണ് കരുതിയത്. ഒരു കഥാപാത്രത്തിനു വേണ്ടി ഡബ്ബ് ചെയ്യാനാണ് വിളിച്ചത്. ഡബ്ബിങ് ശരിയായില്ല.

അപ്പോൾ എന്നെ ആശ്വസിപ്പിക്കാനാണോ എന്നറിയില്ല 'അഭയ പാടിയ പാട്ട് കേൾക്കണ്ടേ' എന്നു ചോദിച്ചു. ഞാൻ ചോദിച്ചു, ഞാൻ ലിജോയ്ക്കു വേണ്ടി എപ്പോഴാ പാടിയതെന്ന്. അപ്പോൾ ലിജോ ആ പാട്ട് കേൾപ്പിച്ചുതന്നു. അത് കേട്ടപ്പോൾ ഞാൻ സന്തോഷം കൊണ്ട് ഭൂമിയിലും ആകാശത്തുമല്ലാത്ത അവസ്ഥയിൽ ആയിരുന്നു. പിന്നീട് തമിഴിലും തെലുങ്കിലും ഇതേ ഗാനം ഞാൻ പാടി." അഭയ പറയുന്നു. ഷോ മാത്രമേ ചെയ്യൂ എന്നൊന്നും തീരുമാനിച്ചിട്ടില്ല. ഒരു ഗായിക എന്ന നിലയിൽ ആര് വിളിച്ചാലും പോയി പാടാറുണ്ട്. ഭക്തിഗാനങ്ങൾ പാടാൻ ഇഷ്ടമാണ്. എല്ലാത്തരം പാട്ടുകളും പാടാൻ ആഗ്രഹമുണ്ട്. ഗോപി സുന്ദറിനു വേണ്ടി പാടിക്കഴിഞ്ഞ് ഞാൻ പാടിയത് ഒമർ ലുലുവിന്റെ നല്ല സമയം എന്ന ചിത്രത്തിനു വേണ്ടിയാണ്. അതിനു ശേഷമാണ് പ്രശാന്ത് പിള്ള എന്നെ പാടാൻ വിളിച്ചത്.

abhaya malaikotta valiban.jpg

ഞാൻ ഒരു മ്യൂസിക് കമ്പോസറിന്റെ കൂടെ ആയിരുന്നല്ലോ ജീവിച്ചുകൊണ്ടിരുന്നത്. ചിലപ്പോൾ ഞാൻ അദ്ദേഹത്തിനു വേണ്ടി മാത്രമേ പാടൂ എന്നൊരു ചിന്ത ആളുകൾക്ക് ഉണ്ടായിക്കാണും, അറിയില്ല. എന്നെ ആര് വിളിച്ചാലും ഞാൻ പാടുമെന്ന് പലപ്പോഴും അഭിമുഖങ്ങളിൽ ഉൾപ്പെടെ പറഞ്ഞിട്ടുണ്ട്. ഷാൻ റഹ്മാൻ ഒരിക്കൽ വിളിച്ച് പാടിച്ചിട്ടുണ്ട്‌. എം.ജയചന്ദ്രൻ സർ, വിളിക്കാം നമുക്ക് പാട്ട് ചെയ്യണം എന്നൊക്കെ പറയാറുണ്ട്. അവസരങ്ങൾ വരുമ്പോൾ എല്ലാവരും വിളിക്കുമായിരിക്കും എന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അഭയ അഭിമുഖത്തിൽ പറഞ്ഞു



gopi sundhar abhaya hiranmayi
Advertisment