'എന്റെ മരണശേഷം ഞാൻ ചെയ്യുന്നതെല്ലാം പുറത്തുവരും': ബാല

കഴിഞ്ഞ ദിവസം ഒരു കോളേജില്‍ സംസാരിക്കവെയാണ് ബാല ഇക്കാര്യം പറഞ്ഞത്. പതിനേഴാം വയസ്സ് മുതല്‍ താന്‍ ചാരിറ്റി ചെയ്യുന്നുണ്ടെന്നാണ് ബാല പറയുന്നത്.

author-image
ഫിലിം ഡസ്ക്
New Update
bala police

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് നടനും സംവിധായകനുമായ ബാല. 2003 ല്‍ അന്‍പ് എന്ന തമിഴ് സിനിമയിലൂടെയാണ് ബാലയുടെ അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് മൂന്ന് സിനിമകള്‍ കൂടി തമിഴില്‍ ചെയ്ത ബാല 2006 ല്‍ 'കളഭം' എന്ന സിനിമയിലൂടെ മലയാളത്തിലേക്കും അരങ്ങേറ്റം കുറിച്ചു. പിന്നീട് ബിഗ് ബി, പുതിയ മുഖം, ഹീറോ, എന്ന് നിന്റെ മൊയ്ദീന്‍ തുടങ്ങിയ സിനിമകളിലൂടെ 
വില്ലനായും നായകനായും സ്വഭാവ നടനായുമെല്ലാം ബാല തിളങ്ങി. 

Advertisment

നടന്റെ വ്യക്തി ജീവിതം എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഗായിക അമൃത സുരേഷുമായുള്ള വിവാഹവും വിവാഹമോചനവും രണ്ടാം വിവാഹവുമെല്ലാം ബാലയെ വാര്‍ത്തകളില്‍ ഇടംപിടിപ്പിച്ചു. അടുത്തിടെ കരള്‍ രോഗത്തെ തുടര്‍ന്ന് അതീവഗുരുതരാവസ്ഥയില്‍ ആയ ബാല പൂര്‍വാധികം ശക്തിയോടെ തിരികെ വരുകയും ചെയ്തു. 

സോഷ്യല്‍ മീഡിയയില്‍ സജീവമായ നടന്‍ തന്റെ പേജിലൂടെ ഏറ്റവും കൂടുതല്‍ പങ്കുവെയ്ക്കുന്നത് താന്‍ ചെയ്യുന്ന സഹായങ്ങളെ കുറിച്ചുള്ള വീഡിയോകളാണ്. പബ്ലിസിറ്റി എന്നതിനപ്പുറം താന്‍ ചെയ്യുന്നത് കണ്ട് മറ്റുള്ളവര്‍ക്കും ചെയ്യാന്‍ പ്രചോദനമാകുന്നതിന് വേണ്ടിയാണ് ഇതെല്ലാം പങ്കുവെയ്ക്കുന്നത് എന്നാണ് ബാല പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ താന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളൊന്നും ഇതുവരെ തുറന്നു പറഞ്ഞിട്ടില്ലെന്ന് പറയുകയാണ് ബാല. കഴിഞ്ഞ ദിവസം ഒരു കോളേജില്‍ സംസാരിക്കവെയാണ് ബാല ഇക്കാര്യം പറഞ്ഞത്. പതിനേഴാം വയസ്സ് മുതല്‍ താന്‍ ചാരിറ്റി ചെയ്യുന്നുണ്ടെന്നാണ് ബാല പറയുന്നത്. ഇത്രയധികം ചാരിറ്റി ചെയ്യാനുള്ള താങ്കളുടെ ഇന്‍സ്പിരേഷന്‍ എന്താണ് ആരാണ് താങ്കളുടെ റോള്‍ മോഡല്‍ എന്ന ഒരു വിദ്യാര്‍ത്ഥിനിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ബാല.

'ഞാന്‍ ചെറുതായിരുന്നപ്പോള്‍ എന്റെ സഹോദരിക്ക് ഒപ്പം ദീപാവലിക്ക് സ്വീറ്റ്സ് കൊടുക്കാനായി ഒരു ആശ്രമത്തില്‍ പോയിരുന്നു. അങ്ങനെ അവിടെ എല്ലാവര്‍ക്കും സ്വീറ്റ്സ് നല്‍കികൊണ്ടിരിക്കെ ഒരു അമ്മുമ്മ എന്റെ കയ്യില്‍ പിടിച്ചു. എന്നിട്ട് തമിഴില്‍ പറഞ്ഞു, 'തമ്പി നീ എന്നെ വിട്ടിട്ടു പോകാതെടാ, വിട്ടിട്ടു പോകാതെടാ' എന്ന്. ആദ്യം എനിക്കെന്താണ് അവര്‍ അങ്ങനെ പറഞ്ഞതെന്ന് മനസ്സിലായില്ല. അവര്‍ എന്നെ മകനായി കണ്ടു. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. പിന്നീട് എന്റെ പതിനേഴാം വയസ്സ് മുതല്‍ ഞാന്‍ ചാരിറ്റി ചെയ്യുന്നുണ്ട്. എന്റെ കീഴില്‍ ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്നുണ്ട്. ഞാന്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം ഇപ്പോള്‍ തുറന്നു പറയാന്‍ ആയിട്ടില്ല. പക്ഷെ അതെല്ലാം പുറത്തുവരും. ഞാന്‍ ജീവനോടെ ഇരിക്കുമ്പോഴല്ല, എന്റെ മരണശേഷം അതെല്ലാം പുറത്തുവരും. അപ്പോള്‍ മനസിലാകും' എന്നാണ് ബാലയുടെ മറുപടി. 

ഷഫീഖിന്റെ സന്തോഷമാണ് ബാല അവസാനം അഭിനയിച്ച സിനിമ. അധികം വൈകാതെ തന്നെ തന്റെ പുതിയ സിനിമയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ബാല അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞത്. 

latest news bala
Advertisment