മലയാളത്തിന്റെ അനശ്വര നടൻ ജയൻ അരങ്ങൊഴിഞ്ഞിട്ട് ഇന്ന് 44 വർഷം. വിരിഞ്ഞ മാറും നിലത്തു ഇഴയുന്ന എൽവിസ് ബെൽബോട്ടം പാന്റുമായി എഴുപതുകളിൽ വെള്ളിത്തിരയിലെ നായക സങ്കൽപ്പങ്ങൾ മാറ്റി എഴുതിയ അതുല്ല്യ നടൻ മലയാള സിനിമയുടെ തിളങ്ങുന്ന പൗരുഷമായിരുന്നു.വില്ലനായും നായകനായും പകർന്നാടിയ,ഓരോ വേഷങ്ങൾക്കും മികവിന്റെ കയ്യൊപ്പ് ചാർത്തിയ അഭിനേതാവായിരുന്നു ജയൻ.
1939 ജൂലൈ 25ന് കൊല്ലം ജില്ലയിലെ തേവള്ളിയിൽ ജനനം. കൃഷ്ണൻ നായർ എന്നാണ് യഥാർത്ഥ നാമം. കൊല്ലത്തെ മലയാളി മന്ദിരം സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. പഠനത്തിലും കലാകായികരംഗത്തും ഒരുപോലെ തിളങ്ങിയ ജയനെ സ്കൂളിലെ NCC യിലെ ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ടു.
15 വർഷം ഇന്ത്യൻ നേവിയിൽ സേവനമനുഷ്ടിച്ചു. ചീഫ് പെറ്റി ഓഫീസർ പദവിയിലിരിക്കെ രാജിവെച്ചു.
1972 ൽ 'പോസ്റ്റ്മാനെ കാണാനില്ല' എന്ന ചിത്രത്തിൽ ആദ്യമായി മുഖം കാണിച്ചു. 1974 ൽ 'ശാപമോക്ഷം' എന്ന ചിത്രത്തിലെ ഗായകന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു.തുടർന്ന് വൈവിധ്യമാർന്ന ഒട്ടേറെ..വേഷങ്ങളിലൂടെ അഭ്രപാളി കീഴടക്കി.
അഭിനയത്തിലെ പ്രത്യേകശൈലികൊണ്ടും സംഭാഷണ സവിശേഷതയാലും കഥാപാത്രങ്ങളെ മികവുള്ളതാക്കാൻ ജയനു കഴിഞ്ഞു. മിന്നിമറയുന്നത് ഒരു ചെറു സീനിലാണെങ്കിൽ പോലും ജയന്റെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു. സംസാരത്തിൽ ഏറെ സ്വാഭാവിക പുലർത്തിയ ജയന്റെ ശബ്ദം അതുവരെ സിനിമയിലെ നായകൻമാർക്കില്ലാതിരുന്ന തരത്തിൽ ഗാംഭീര്യമുള്ളതായിരുന്നു.
പഞ്ചമി, ഈറ്റ, അടവുകൾ 18, അങ്ങാടി, മനുഷ്യമൃഗം, കഴുകൻ, സൂത്രക്കാരി, ആനപ്പാച്ചൻ, രതിമന്മഥൻ,കരിമ്പന,മീൻ,മൂർഖൻ, ശരപഞ്ജരം, രണ്ടു ലോകം, തുടങ്ങിയ സിനിമകളിൽ മലയാളക്കര കണ്ടത് സമാനതകളില്ലാത്ത അഭിനയ മുഹൂർത്തങ്ങളായിരുന്നു.
പ്രേംനസീർ, മധു, സോമൻ, തുടങ്ങിയവർ നായകരായ അന്നത്തെചിത്രങ്ങളിൽ വില്ലൻ വേഷം ജയന്റെ കയ്യിൽ ഭദ്രമായി. ഡ്യുപ്പില്ലാതെയുള്ള ജയന്റ അസാധ്യമായ പ്രകടനങ്ങൾഅകാലത്തിൽ അദ്ദേഹത്തിന്റെ ജീവൻ അപഹരിച്ചു.
പ്രശസ്തിയുടെ കൊടുമുടിയിലിരിക്കെ 1980 നവംബർ 16 ന് 41 ആം വയസ്സിൽ 'കോളിളക്കം' എന്ന സിനിമയിലെ അതിസാഹസികമായ രംഗം ഷൂട്ട് ചെയ്യവേ മദ്രാസിലെ ഷോളവനത്തുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ജയൻ അതി ദാരുണമായി മരണപ്പെട്ടു.
ജയന്റെ മരണത്തെ ചുറ്റിപ്പറ്റിയും ഒരുപാട് ദുരൂഹതകളും ഗോസിപ്പുകളും അക്കാലത്ത് ഇറങ്ങി. അദ്ദേഹത്തിന്റെ കരിയറിലെ ഉയർച്ച കാരണം സിനിമ മേഖലയിലുള്ളവർ തന്നെ ശത്രുക്കളായി എന്നും ചിലർ അടക്കം പറഞ്ഞു. പക്ഷേ അതൊന്നും സത്യമായിരുന്നില്ല എന്ന് കാലം തെളിയിക്കപ്പെട്ടു..
ഏതൊരു സാഹസിക രംഗങ്ങളിലും ഡ്യുപ്പ് ഇല്ലാതെ അഭിനയിക്കുക അദ്ദേഹത്തിന്റെ ഒരു ത്രില്ല് ആയിരുന്നു. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന് ആരാധകർ അദ്ദേഹത്തിന് ഉണ്ടായി.. അത്തരമൊരു സാഹസിക സീനിനു പുറപ്പെട്ടതും മരണത്തിൽ കലാശിച്ചു.
അക്കാലത്ത് ജയനെ പോലെ അഭിനയിച്ചും, ഡയലോഗ് പറഞ്ഞു കൊണ്ടും കോളേജ് യുവാക്കൾ വിലസി നടന്നിരുന്നു.. അത്രക്കും ഹീറോയിസം ആയിരുന്നു ജയൻ.
ഫുൾ ഹെൽത്തി ബോഡി അത് എക്കാലവും നിലനിർത്തുന്നതിന് സംരക്ഷിക്കുന്നതിന് അദ്ദേഹം സമയം ചെലവഴിച്ചു. അതെല്ലാം തന്റെ കേന്ദ്ര കഥാപാത്രങ്ങൾക്ക് മുതൽക്കൂട്ടായി.
അദ്ദേഹത്തിന്റെ മരണശേഷവും അദ്ദേഹത്തെ അനുകരിച്ചുകൊണ്ട് നിരവധി മിമിക്രി കലാകാരന്മാരും അതുപോലെ അദ്ദേഹത്തിന്റെ വേഷവിധാനത്തിലൂടെ സിനിമകൾ പോലും ഇറങ്ങി. ഇന്നും മിമിക്രി സ്റ്റേജിൽ ജയന്റെ സാന്നിധ്യം ഉണ്ട്..
അഭിനയവും സാഹസികതയും കൊണ്ട് വീരചരിതം തീർത്ത ജയൻ എന്നും ഓർമ്മിക്കപ്പെടുക തന്നെ ചെയ്യും.