/sathyam/media/media_files/PzEyupmSJlbO05Y8Rm6R.jpg)
നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ വിയോഗത്തില്‍ മാപ്പ് പറഞ്ഞ് പൊട്ടിക്കരഞ്ഞ് നടന്‍ വിശാല്‍. വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് വിജയകാന്ത് മരണപ്പെടുന്നത്. താന്‍ വിദേശത്തായതിനാല്‍ വിജയകാന്തിനൊപ്പം അവസാന നിമിഷം ചെലവഴിക്കാന്‍ സാധിച്ചില്ലെന്ന് പറഞ്ഞാണ് വിശാല്‍ രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് മാപ്പ് നല്‍കണമെന്നും താങ്കളില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ താന്‍ പഠിച്ചിട്ടുണ്ടെന്നും വിശാല്‍ പറയുന്നു.
വിശാലിന്റെ വാക്കുകള്‍ ഇങ്ങനെ 'ക്യാപ്റ്റന്‍ എനിക്ക് മാപ്പ് നല്‍കണം. ഈ സമയത്ത് താങ്കള്‍ക്കൊപ്പം ഞാന്‍ ഉണ്ടാകണമായിരുന്നു. പക്ഷേ എനിക്കത് സാധിച്ചില്ല. എന്നോട് ക്ഷമിക്കണം. എന്നെ പോലുള്ളവര്‍ കരയുന്നത് വളരെ അപൂര്‍വ്വമാണ്. താങ്കളില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. താങ്കളുടെ അടുത്തേക്ക് ഒരാള്‍ വിശപ്പോടെ വന്നാല്‍ ഭക്ഷണം നല്‍കും.താങ്കള്‍ ജനങ്ങള്‍ക്ക് എത്രത്തോളം ഉപകാരം ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം.
രാഷ്ട്രീയക്കാരനും സിനിമാ നടനുമപ്പുറം താങ്കള്‍ ഒരു വലിയ മനുഷ്യനായിരുന്നു. നടികര്‍ സംഘത്തിന് താങ്കള്‍ നല്‍കിയ സഹായങ്ങള്‍ ഒരിക്കലും മറക്കാനാകില്ല. ഒരു നടനായി പേരുകേള്‍ക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ട് ഒരു നല്ല മനുഷ്യനായി അറിയപ്പെടുന്നതാണ്. താങ്കള്‍ക്ക് അതിന് സാധിച്ചു. ഞാന്‍ ഒരിക്കല്‍ കൂടി മാപ്പ് ചോദിക്കുന്നു' എന്നാണ് വിശാല്‍ എക്‌സില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.
ന്യൂമോണിയ ബാധിതനായിരുന്ന വിജയകാന്തിനെ കോവിഡും ബാധിച്ചിരുന്നു. മെഡിക്കല്‍ ബുള്ളറ്റിനിലൂടെ ആശുപത്രി അധികൃതരാണ് മരണവിവരം അറിയിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ നാളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു വിജയകാന്ത്. ആരോഗ്യം മോശമായതിനാല്‍ കുറച്ചു വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലാത്ത വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല.
വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് പാര്‍ട്ടിയെ നയിക്കുന്നത്. തമിഴ് സിനിമയില്‍ മിന്നി നില്‍ക്കുമ്പോഴാണ് 2005ല്‍ പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്ക് അദ്ദേഹം ഇറങ്ങിയത്. 2006ലെ തിരഞ്ഞെടുപ്പില്‍ 8.4 ശതമാനം വോട്ടും നേടിയിരുന്നു.