കൊച്ചി: സംവിധായകൻ ഹരിഹരനെതിരെ നടി ചാർമിള ഉന്നയിച്ച ആരോപണം ശരി വെച്ച് നടൻ വിഷ്ണു. ചാർമിള അഡ്ജസ്റ്റ്മെൻറിന് തയ്യാറാകുമോ എന്ന് ഹരിഹരൻ തന്നോട് ചോദിച്ചുവെന്നാണ് വിഷ്ണു പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തിയത്.
പരിണയം സിനിമയുടെ ചർച്ചക്കിടെ ആയിരുന്നു ഹരിഹരൻ ചോദിച്ചത്. സീനിയർ സംവിധായകൻ ഇത്തരത്തിൽ പെരുമാറിയത് കണ്ട് ഞാനും ചാർമിളയും ഞെട്ടി. ഹരിഹരനിൽ നിന്നു ഇത് പ്രതീക്ഷിച്ചില്ല, എന്നോട് അഡ്ജസ്റ്റ്മെന്റ് ചെയ്യാത്തവർ എന്റെ സിനിമയിൽ വേണ്ടെന്നു ഹരിഹരൻ ഉറച്ചു പറഞ്ഞുവെന്ന് വിഷ്ണു പറയുന്നു. അഡ്ജസ്റ്റ്മെൻറിന് തയ്യാറാകാത്തതിനെ തുടർന്ന് ചാർമിളക്കും തനിക്കും ആ ചിത്രത്തിൽ അവസരം പോയെന്നും വിഷ്ണു പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ മലയാള സിനിമയിലെ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി ചാർമിള കഴിഞ്ഞ ദിവസമാണ് രംഗത്ത് വന്നത്. മലയാള സിനിമയിൽ നേരിട്ടത് അങ്ങേയറ്റം മോശം പെരുമാറ്റമാണെന്നും 28 പേർ മോശമായി പെരുമാറിയെന്നും ചാർമിള പറഞ്ഞു. മലയാള സിനിമയിൽ നിന്ന് ഇതിനോടകം നിരവധി പേരാണ് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുന്നത്.
ഒരു നിർമാതാവ് സുഹൃത്തുക്കൾക്കൊപ്പം ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. ‘അർജുനൻ പിള്ളയും അഞ്ച് മക്കളും’ സിനിമയുടെ നിർമാതാവിനെതിരെയാണ് ചാർമിളയുടെ ആരോപണം. താൻ വഴങ്ങുമോ എന്ന് സംവിധായകൻ ഹരിഹരനും ചോദിച്ചു. നടൻ വിഷ്ണുവിനോടാണ് ഇക്കാര്യം ചോദിച്ചതെന്ന് ചാർമിള പറഞ്ഞു. തയ്യാറല്ലെന്ന് പറഞ്ഞതോടെ ‘പരിണയം’ സിനിമയിൽ നിന്ന് തന്നെയും വിഷ്ണുവിനെയും ഒഴിവാക്കി.
മോശമായി പെരുമാറിയവരിൽ സംവിധായകരും നിർമാതാക്കളും നടന്മാരുമുണ്ടെന്നും ചാർമിള പറഞ്ഞു. എന്നാൽ തൻ്റെ പല സുഹൃത്തുക്കളും പെട്ടുപോയെന്നും ദുരനുഭവമുണ്ടായ ആളുകളുടെ പേരുകൾ പറയുന്നില്ലെന്നും ചാർമിള പറഞ്ഞു. തനിക്ക് മകനുണ്ടെന്നും അതിനാൽ മറ്റു നടപടികളിലേക്ക് കടക്കുന്നില്ലെന്നും ചാർമിള കൂട്ടിച്ചേർത്തു.