ചെന്നൈ: മലയാള സിനിമാ ലൊക്കേഷനിൽ കാരവാനിൽ ഒളിക്യാമറ വെയ്ക്കുന്നുണ്ടെന്ന നടി രാധിക ശരത് കുമാറിൻ്റെ വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. രാധികയെ കണ്ട് വിവരങ്ങൾ ശേഖരിക്കും. മൊഴിയെടുത്ത് കേസെടുക്കാനുളള സാധ്യതയുമാണ് പൊലീസ് പരിശോധിക്കുന്നത്.
കാരവാനിൽ ദൃശ്യങ്ങൾ പകർത്തുകയും സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടെന്നുമായിരുന്നു രാധിക വെളിപ്പെടുത്തിയത്. കാരവാനിൽ രഹസ്യമായി ക്യാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങൾ മൊബൈലിൽ ഫോൾഡറുകളിലായി സൂക്ഷിക്കുന്നുണ്ട്.സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടു. ഓരോ നടിയുടെയും പേരിൽ പ്രത്യേകം ഫോൾഡറുകളുണ്ട്. തുടർന്ന് ഭയം മൂലം ലൊക്കേഷനിലെ കാരവാൻ താൻ ഉപയോഗിച്ചില്ല എന്നും നടി പറഞ്ഞു.
അതിനിടെ സിനിമ ലൊക്കേഷനിലെ സുരക്ഷ സംബന്ധിച്ച് ആശങ്കയുയർന്നതോടെ കാരവാൻ ഉടമകളുടെ യോഗം വിളിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും രംഗത്തെത്തുകയും ചെയ്തു. രാധികയുടെ വെളിപ്പെടുത്തലിൻറെ പശ്ചാത്തലത്തിലാണിത്. അടുത്ത വെളളിയാഴ്ച കാരവാൻ ഉടമകളുടെ യോഗം ചേരുമെന്ന് നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.