അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപോലെ പ്രേക്ഷകരെ ആകര്‍ഷിച്ചു. അഭിനയത്തികവില്‍ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയത്തില്‍ എക്കാലവും ഇടംപിടിച്ച മഹാപ്രതിഭ; ശ്രീവിദ്യയുടെ ഓർമകൾക്ക് 17 വയസ്

'സൊല്ലത്താന്‍ നിനിക്കിറേനും' 'അപൂര്‍വ രാഗങ്ങളും' ഹിറ്റായതോടെ തമിഴും ശ്രീവിദ്യയുടെ തട്ടകമായി .

author-image
ഫിലിം ഡസ്ക്
New Update
srividya died


മലയാളത്തിന്റെ പ്രിയനടി ശ്രീവിദ്യയുടെ ഓര്‍മകള്‍ക്ക് 17 വയസ്. മലയാള സിനിമയുടെ ശ്രീ എന്നുതന്നെയാണ് ശ്രീവിദ്യ വിശേഷിപ്പിക്കപ്പെട്ടതും. ശ്രീത്വം തുളുമ്പുന്ന മുഖവും കുസൃതി നിറഞ്ഞ നോട്ടവും നിഷ്‌കളങ്കമായ ചിരിയുമായിരുന്നു ശ്രീവിദ്യയ്ക്ക്. വിടപറഞ്ഞ് 16 വര്‍ഷമാകുമ്പോഴും അഭിനയത്തികവില്‍ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയത്തില്‍ എക്കാലവും ഇടംപിടിച്ച മഹാപ്രതിഭ.

Advertisment

1953 ജൂലൈ 24 ന് സംഗീതജ്ഞയായ എം. എല്‍ വസന്തകുമാരിയുടെയും ആര്‍. കൃഷ്ണമൂര്‍ത്തിയുടെയും മകളായാണ് ശ്രീവിദ്യ ജനിച്ചത്. അമ്മയുടെ സംഗീത പാരമ്പര്യം കിട്ടിയിരുന്നെങ്കിലും ശ്രീവിദ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചത് നൃത്തത്തിലാണ്. പതിമൂന്നാം വയസില്‍  തിരുവുള്‍  ചൊല്‍വര്‍ എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി.1969 ല്‍ പുറത്തിറങ്ങിയ 'ചട്ടമ്പികവല' എന്ന ചിത്രത്തില്‍ സത്യന്റെ നായികയായി ശ്രീവിദ്യ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീടങ്ങോട്ട് മലയാളസിനിമയുടെ മുഖശ്രീയായി ശ്രീവിദ്യ മാറി.

അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപോലെ പ്രേക്ഷകരെ ആകര്‍ഷിച്ചു. 'സൊല്ലത്താന്‍ നിനിക്കിറേനും' 'അപൂര്‍വ രാഗങ്ങളും' ഹിറ്റായതോടെ തമിഴും ശ്രീവിദ്യയുടെ തട്ടകമായി . ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ജീവിതം ഒരു ഗാനം, രചന, ആദാമിന്റെ വാരിയെല്ല്, എന്റെ സൂര്യപുത്രിക്ക്, ദൈവത്തിന്റെ വികൃതികള്‍, പഞ്ചവടിപ്പാലം തുടങ്ങി പ്രേക്ഷക ഹൃദയം കീഴടക്കിയ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. 

1979 ല്‍ ശ്രീവിദ്യയുടെ അഭിനയമികവിന് ആദ്യമായി സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചു. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച,ജീവിതം ഒരു ഗാനം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു മികച്ച നടിക്കുള്ള പുരസ്‌കാരം. 1983-ല്‍ 'രചന', 1992 ല്‍ ദൈവത്തിന്റെ വികൃതികള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രീവിദ്യയിലേക്ക് വീണ്ടും പുരസ്‌കാരങ്ങളെത്തി. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ശ്രീവിദ്യ അഭിനയിച്ചു

അവസാന നാളുകളില്‍ മിനി സ്‌ക്രീനിലും  സജീവമായ ശ്രീവിദ്യ ഒട്ടേറെ സീരിയലുകളില്‍ വേഷമിട്ടു. മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെടെലിവിഷന്‍ അവാര്‍ഡും നേടിയിട്ടുണ്ട്. എന്നാല്‍ സിനിമയുടെ ഈ സൗന്ദര്യങ്ങളൊന്നും ശ്രീവിദ്യയുടെ വ്യക്തി ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. പ്രണയത്തിലും വിവാഹത്തിലും പരാജയം രുചിക്കേണ്ടിവന്നു. ഒടുവില്‍ 2006 ഒക്ടോബര്‍ 19ന്, 53-ാം വയസില്‍ കാന്‍സറിന്റെ രൂപത്തില്‍ മരണം മലയാളത്തിന്റെ പ്രിയ നായികയെ തട്ടിയെടുക്കുകയായിരുന്നു. മരണശേഷം ഒട്ടേറെ സിനിമകളില്‍ ഒരു ഫോട്ടോയുടെ രൂപത്തിലാണെങ്കില്‍ പോലും ശ്രീവിദ്യ ഇടംപിടിച്ചു. 

latest news Srividya
Advertisment