35ാം വയസിലെ അപകടത്തില്‍ പല്ലുകള്‍ പോയി, സിനിമാ ലോകത്തേക്ക് കൈപിടിച്ചത് നടന്‍ സിദ്ദീഖ്. നന്ദനത്തിലും കല്യാണരാമനിലും പാണ്ടിപ്പടയിലും തിളങ്ങിയ സുബ്ബലക്ഷ്മി അഭിനയിച്ചത് ഏഴോളം ഭാഷകളില്‍

പല്ലില്ലാതെ മോണകാട്ടി ചിരിക്കുന്ന മുഖമാണ് സുബ്ബലക്ഷ്മിയെ ഓര്‍ക്കുമ്പോഴെല്ലാം എല്ലാ സിനിമാ ആസ്വാധകരുടെ മനസിലും ഓടിയെത്തുന്നത്. സുബ്ബലക്ഷ്മിയുടെ പല്ലുകള്‍ പോയത് തന്റെ വാര്‍ധക്യകാലത്തിലല്ല, 35-ാം വയസ്സില്‍ ഒരു അപകടത്തില്‍പ്പെട്ടായിരുന്നു

author-image
ഫിലിം ഡസ്ക്
New Update
subbalakshmi.jpg

നടിയും സംഗീതജ്ഞയുമായ സുബ്ബലക്ഷ്മിയുടെ വിയോഗ വാര്‍ത്ത വേദനയോടെയാണ് മലയാളികള്‍ സ്വീകരിച്ചത്. മുത്തശ്ശി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സുബ്ബലക്ഷ്മി മലയാളികള്‍ക്ക് അത്രത്തോളം പ്രിയങ്കരിയാണ്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ ആയിരുന്നു വിയോഗം. 2002ല്‍ ഇറങ്ങിയ രഞ്ജിത് ചിത്രം നന്ദനത്തിലെ വേശാമണിയമ്മയായാണ് സുബ്ബലക്ഷ്മി അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് അങ്ങോട്ട് നിരവധി വേഷങ്ങള്‍ മലയാളത്തിനു പുറത്തുമെല്ലാം സുബ്ബലക്ഷ്മിയ്ക്ക് ചെയ്യാനായി. 69-ാം വയസ്സിലായിരുന്നു സിനിമയിലേക്കുള്ള വരവ്. 

Advertisment

പല്ലില്ലാതെ മോണകാട്ടി ചിരിക്കുന്ന മുഖമാണ് സുബ്ബലക്ഷ്മിയെ ഓര്‍ക്കുമ്പോഴെല്ലാം എല്ലാ സിനിമാ ആസ്വാധകരുടെ മനസിലും ഓടിയെത്തുന്നത്. സുബ്ബലക്ഷ്മിയുടെ പല്ലുകള്‍ പോയത് തന്റെ വാര്‍ധക്യകാലത്തിലല്ല, 35-ാം വയസ്സില്‍ ഒരു അപകടത്തില്‍പ്പെട്ടായിരുന്നു. വെയ്പ്പു പല്ല് വെയ്ക്കാന്‍ ആ പ്രായത്തില്‍ സുബ്ബലക്ഷ്മി തയ്യാറായിരുന്നില്ല. തിരുവനന്തപുരം സ്വദേശിനിയായ സുബ്ബലക്ഷ്മി കുട്ടിക്കാലത്ത് തന്നെ സംഗീതം പരിശീലിച്ചിരുന്നു. 

ജവഹര്‍ ബാലഭവനില്‍ ഏകദേശം 27 വര്‍ഷക്കാലം സംഗീതാധ്യാപികയായി ജോലി നോക്കി. 1951ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തെന്നിന്ത്യയിലെ ഓള്‍ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കംമ്പോസറായിരുന്നു സുബ്ബലക്ഷ്മി. ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശേഷം ഹോര്‍ലിക്സിന്റെ ഒരു പരസ്യചിത്രത്തിലൂടെയാണ് ക്യാമറയുടെ മുന്നിലെത്തുന്നത്. നര്‍ത്തകിയും അഭിനേത്രിയുമായ മകള്‍ താരാകല്യാണിനൊപ്പം ടെലിവിഷന്‍ പരമ്പരയുടെ ചിത്രീകരണ സെറ്റില്‍ എത്തിയപ്പോള്‍ നടന്‍ സിദ്ധിക്കിനെ പരിചയപ്പെട്ടു. സിദ്ധിക്ക് വഴിയാണ് 'നന്ദനം' സിനിമയിലേക്ക് എത്തിച്ചേര്‍ന്നത്. 

സംഗീത കുടുംബത്തിലായിരുന്നു സുബ്ബലക്ഷ്മിയുടെ ജനനം. 1936 ല്‍ തിരുനെല്‍വേലിയില്‍ രാമഭദ്രന്റേയും രാമലക്ഷ്മിയുടേയും മകളായിട്ട്. അച്ഛന്റേയും അമ്മയുടേയും കല്യാണം നടത്തിയത് സര്‍ സിപിയായിരുന്നു. തന്റെ 28-ാം വയസില്‍ സുബ്ബലക്ഷ്മിയുടെ അമ്മ മരിച്ചു. അന്ന് സുബ്ബലക്ഷ്മിയ്ക്ക് വയസ് വെറും പതിനൊന്നായിരുന്നു. രണ്ട് സഹോദരങ്ങളേയും സുബ്ബലക്ഷ്മിയേയും വളര്‍ത്തിയത് അച്ഛന്റെ ചേച്ചിയായിരുന്നു.

തങ്ങളുടെ കുട്ടിക്കാലം ഏകാന്തതയുടേയും കഷ്ടതയുടേതുമായിരുന്നുവെന്ന് സുബ്ബലക്ഷ്മി മുമ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്. പാട്ടുകാരുടെ കുടുംബമായിരുന്നു സുബ്ബലക്ഷ്മിയുടേത്. 30 പേരായിരുന്നു തറവാട്ടില്‍ പാട്ടുകാരായി ഉണ്ടായിരുന്നത്. അതുകൊണ്ട് സുബ്ബലക്ഷ്മിയും ആ വഴിയെ പോയി. എന്നാല്‍ ആഗ്രഹം ഒരു അഭിനേതാവാകണം എന്നായിരുന്നു. ആ ആഗ്രഹത്തിലേക്ക് എത്തിച്ചേരാന്‍ തന്റെ 69-ാം വയസ്സുവരെ സുബ്ബലക്ഷ്മിയ്ക്ക് കാത്തിരിക്കേണ്ടി വന്നു.

സിനിമകള്‍ക്കൊപ്പം ചില ടെലിഫിലിമുകളിലും ആല്‍ബങ്ങളിലും സീരിയലുകളിലും സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. സി.ഐ.ഡി മൂസ, സൗണ്ട് തോമ, തിളക്കം, പാണ്ടിപ്പട, കൂതറ, പ്രണയകഥ, സീത കല്യാണം, വണ്‍, റാണി പദ്മിനി തുടങ്ങി എഴുപതോളം മലയാള ചിത്രങ്ങളില്‍ സുബ്ബലക്ഷ്മി വേഷമിട്ടു. 

കല്യാണ രമുദു, യാ മായാ ചേസാവേ, എക് ദീവാനാ ഥാ, ദില്‍ബേചാര, രാമന്‍ തേടിയ സീതൈ, ഹൗസ് ഓണര്‍, ബീസ്റ്റ്, ഹൊഗനസു, മധുരമിതം, ഇന്‍ ദ നെയിം ഓഫ് ഗോഡ് തുടങ്ങിയവയാണ് അന്യഭാഷാ ചിത്രങ്ങള്‍. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, സംസ്‌കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലാണ് അഭിനയിച്ചത്. 

latest news subbalakshmi
Advertisment