/sathyam/media/media_files/aY7rRh282VhX0Mh0bUYU.jpg)
തെന്നിന്ത്യന്‍ താരം അദിതി റാവു ഹൈദരിയും സിദ്ധാര്‍ത്ഥും ഡേറ്റിംഗിലാണെന്ന് നിരവധി റിപ്പോര്‍ട്ടുകളും അഭ്യൂഹങ്ങളും ഏറെ നാളായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഇരുവരും ഒരു അഭിപ്രായവും തുറന്നു പറഞ്ഞിട്ടില്ല. അടുത്തിടെയായി ഇരുവരേയും ഒന്നിച്ചാണ് പലപരിപാടികളിലും കാണാറുള്ളത്. ഇപ്പോഴിതാ പുതുവത്സര ദിനത്തില്‍ ഇരുവരും പങ്കുവെച്ചൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
അദിതിയും സിദ്ധാര്‍ത്ഥും ഒരുമിച്ചാണ് 2024-നെ സ്വാഗതം ചെയ്തത്. ഇരുവരുടേയും ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ക്യൂട്ട് കപ്പിള്‍സ്, നിങ്ങള്‍ തമ്മില്‍ ലവ് ആണോ, മനോഹരമായിരിക്കട്ടെ ഈ ബന്ധം തുടങ്ങിയ നിരവധി കമന്റുകളാണ് അദിതിയെയും സിദ്ധാര്‍ത്ഥിനെയും തേടി എത്തുന്നത്. 2021ല്‍ തെലുങ്ക് ചിത്രമായ മഹാ സമുദ്രത്തില്‍ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്.
അദിതിയുടെ ജന്മദിനത്തില്‍ സിദ്ധാര്‍ത്ഥ് അതിഥിയ്ക്കായി ഒരു മനോഹര ജന്മദിന പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇത് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ഉറപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു. സിദ്ധാര്‍ത്ഥ് ഇപ്പോള്‍ 'ടെസ്റ്റ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ തിരക്കിലാണ്. 'ഗാന്ധി ടോക്‌സ്', 'ലയണസ്' എന്നീ ചിത്രങ്ങളാണ് അദിതിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.