/sathyam/media/media_files/9qXYc306f0uwBngkVR6h.jpg)
താരസംഘടന അമ്മയിലെ ഭരണസമിതിയുടെ കൂട്ടരാജിയില്‍ പ്രതികരിച്ച് നടി പാര്‍വ്വതി തിരുവോത്ത്. അമ്മയിലെ കൂട്ടരാജി ഭീരുത്വമാണെന്നും മറുപടി പറയേണ്ട ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നും പാര്‍വതി തിരുവോത്ത് പറഞ്ഞു. ബര്‍ക്ക ദത്തുമായുള്ള അഭിമുഖത്തിലാണ് പാര്‍വ്വതി നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് മോഹന്‍ലാലുള്‍പ്പെടെയുള്ള ഭരണസമിതി പിരിച്ചുവിട്ടത്. അമ്മയുടെ മാധ്യമങ്ങളില്‍ നിന്നടക്കം ഒഴിഞ്ഞുമാറാനുള്ള ശ്രമമാണിത്. ഇതേ കമ്മിറ്റിയാണ് നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പിന്നില്‍ അണിനിരന്നത്. സര്‍ക്കാര്‍ ഗുരുതരമായ നിരുത്തരവാദിത്തം പുലര്‍ത്തി. ഇരകള്‍ക്കൊപ്പമല്ലെന്ന നിലപാടാണ് വ്യക്തമായത്. കൂടുതല്‍ പരാതികളുമായെത്തിയ സഹപ്രവര്‍ത്തകരെ ബഹുമാനിക്കുന്നു. ഇത് ജനാധിപത്യ ബോധമുള്ള പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള സമയമാണെന്നും പാര്‍വതി തിരുവോത്ത് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമയിലുണ്ടായ വെളിപ്പെടുത്തലിലാണ് താരസംഘടന അമ്മയില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജിവെച്ചത്. നിലവിലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടറിനെ തുടര്‍ന്ന് സിനിമ രംഗത്തെ അതിക്രമങ്ങളില്‍ പരാതിയുമായി കൂടുതല്‍പ്പേര്‍ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മയില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നു. ആരോപണവിധേയനായ ജോയിന്‍ സെക്രട്ടറി ബാബുരാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും വനിതാ അംഗങ്ങള്‍ ഉന്നയിച്ചതോടെയാണ് കൂട്ട രാജിയിലേക്കെത്തിയത്.