/sathyam/media/media_files/vwBb2NIwKH1c9A5ePRlO.jpg)
'ദൃശ്യം' എന്ന ചിത്രത്തിലൂടെ ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ച 'നേര്' ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഏറെ വൈകാരികമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന ഒരു കോര്‍ട്ട് റൂം ഡ്രാമയായ ചിത്രത്തില്‍ അനശ്വര രാജന്റെ കഥാപാത്രത്തിന് കയ്യടി നേടുകയാണ്. നേരിന്റെ റിലീസിന് ശേഷം മോഹന്‍ലാലിനോടൊപ്പം ഏറ്റവും കൂടുതല്‍ പ്രശംസ ലഭിക്കുന്ന ഒരു കഥാപാത്രം അനശ്വര രാജന്‍ അവതരിപ്പിച്ച സാറയുടേതാണ്. മുന്‍വിധികളെ മാറ്റിയെഴുതുന്നതായിരുന്നു നേരിലെ അനശ്വരയുടെ പ്രകടനം. ഇപ്പോഴിതാ സഹോദരി ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ ചേച്ചി ഐശ്വര്യ രാജന്‍ പങ്കുവച്ച ഹൃദയസ്പര്‍ശിയായ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 2017 മുതല്‍ ഇതുവരെയുള്ള അനശ്വരയുടെ സിനിമാ ജീവിതത്തെ കുറിച്ചാണ് കുറിപ്പില്‍ ഐശ്വര്യ വിവരിച്ചിരിക്കുന്നത്.
ഐശ്വര്യ രാജന്റെ വാക്കുകള്‍ : 'വന്ന വഴികളില്‍ ഒരുപാട് നീ അധ്വാനിച്ചു... വേദനിച്ചു. ഒരു കൗമാരത്തില്‍ അനുഭവിക്കുന്നതിനേക്കാള്‍... നിന്നെ വ്യക്തിഹത്യ ചെയ്തപ്പോഴും നിന്റെ മനക്കരുത്തും നിന്റെ മാത്രം ധൈര്യവും കൊണ്ടാണ് നീ ഉയര്‍ന്ന് പറന്നത്. അപ്പോഴൊക്കെ നീ നിന്നെ മുന്നോട്ട് തന്നെ കൊണ്ടുപോയി. പക്വതയോടെ എല്ലാ സന്ദര്‍ഭങ്ങളെയും നീ കൈകാര്യം ചെയ്തു... മാത്രമല്ല അതിനുവേണ്ടി ഞങ്ങളെയും പ്രാപ്തരാക്കി. ഇന്നിന്റെ ആവേശവും ആഹ്ലാദവും 2018 സെപ്റ്റംബര്‍ 28 ഓര്‍മ്മിപ്പിക്കുന്നു. ആതിര കൃഷ്ണന്‍ എന്ന 15 വയസുകാരിയെ ഓര്‍മ്മിപ്പിക്കുന്നു. നീ ഈ പ്രശംസ ഒരുപാടധികം അര്‍ഹിക്കുന്നു. എന്നിലെ ആസ്വാദിക നിന്നെ ആരാധിക്കുന്നുണ്ട് അതിനേക്കാള്‍ ആഘോഷിക്കുന്നുണ്ട് അന്നും ഇന്നും എന്നും. എന്റെ മനസിലെ നീയെന്ന കലാകാരി എന്നും മുകളിലാണ്. അതെന്റെ ഒരു തരത്തിലുള്ള അഭിമാനവും സ്വാര്‍ത്ഥതയും തന്നെയാണ്'- നടി കൂടിയായ ഐശ്വര്യ കുറിച്ചു.
ഐശ്വര്യയുടെ കുറിപ്പ് ശ്രദ്ധ നേടിയതോടെ സെലിബ്രിറ്റികള്‍ അടക്കം ഒട്ടേറെപ്പേരാണ് അനശ്വരയെ പ്രശംസിച്ച് രംഗത്തെത്തിയത്. സ്ത്രീകള്‍ക്കെതിരെയായ അതിക്രമത്തെ കുറിച്ചു സംസാരിക്കുന്ന നേര് എന്ന ചിത്രത്തില്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയായ, ഏറെ പ്രതേകതകള്‍ നിറഞ്ഞ ഒരു റേപ്പ് കേസ് വര്‍ഷങ്ങളായി പ്രാക്ടീസ് ചെയ്യാത്ത, കോടതിയില്‍ പോവാത്ത വിജയ്‌മോഹന്‍ എന്ന പബ്ലിക് പ്രോസിക്യൂട്ടറെ തേടി എത്തുന്നതും അയാള്‍ അതേറ്റെടുക്കുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ അന്ധയായ കഥാപാത്രത്തെ അവതരിപ്പിച്ച അനശ്വര രാജന്റെ പ്രകടനവും അഭിനന്ദനം അര്‍ഹിക്കുന്നു. അനശ്വരയുടെ കരിയര്‍ ബെസ്റ്റ് പ്രകടനങ്ങളില്‍ ഒന്നാണ് നേരിലെ സാറ എന്ന് നിസംശയം പറയാം.