അനുഷ് മോഹന്‍ സംവിധാനം ചെയ്യുന്ന 'വത്സലാ ക്ലബ്ബ്' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഭാരതക്കുന്ന് എന്ന സാങ്കല്‍പ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. വര്‍ഷങ്ങളായി ഈ ഗ്രാമത്തില്‍ നിലനിന്ന് പോരുന്ന ഒരു കാര്യമാണ് വിവാഹം മുടക്കല്‍.
നാട്ടുകാര്‍ക്ക് ഇത് മത്സരവും ആഘോഷവും പോലെയാണ്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ തലമുറതലമുറയായി കൈമാറി ഈ കാര്യം നിലനിന്ന് പോരുന്നു. ഏറ്റവും കൂടുതല്‍ കല്യാണം മുടക്കുന്നവര്‍ക്ക് മുടക്ക് ദണ്ഡ് എന്ന പാരിതോഷികവും നല്‍കുന്നു.
കൂടാതെ ഇവിടെ 'വത്സല ക്ലബ്ബ്' എന്ന ഒരു ക്ലബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്. കല്യാണം മുടക്കിനെ ശക്തമായി എതിര്‍ക്കുന്ന ഏതാനും ചെറുപ്പക്കാര്‍ ഈ ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകരാണ്. ഈ പ്രശ്‌നത്തിന്റെ പേരില്‍ ക്ലബ്ബ് പ്രവര്‍ത്തകരും നാട്ടുകാരും രണ്ടു ചേരികളിലായി. ഇവര്‍ക്കിടയിലേക്ക് ഒരു പെണ്‍കുട്ടി കടന്നു വരുന്നതോടെ കഥ മാറുകയാണ്.
വിനീത് തട്ടില്‍, അഖില്‍ കവലയൂര്‍, കാര്‍ത്തിക്ക് ശങ്കര്‍, രൂപേഷ് പീതാംബരന്‍, അരിസ്റ്റോ സുരേഷ്, അംബി, വിശാഖ്, ഗൗരി, മല്ലികാസുകുമാരന്‍, ജിബിന്‍ ഗോപിനാഥ്, അനില്‍ രാജ്, ദീപു കരുണാകരന്‍, പ്രിയാ ശ്രീജിത്ത്, ബിനോജ് കുളത്തൂര്‍, രാഹുല്‍ നായര്‍, ദീപു നാവായിക്കുളം, അനീഷ്, ഗൗതം ജി. ശശി, അസീന റീന, അരുണ്‍ ഭാസ്‌ക്കര്‍,ആമി തിലക്, എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ എത്തുന്നുണ്ട്. ഫാല്‍ക്കണ്‍ സിനിമാസിന്റെ ബാനറില്‍ ജിനി എസ്. ആണ് നിര്‍മാണം നിര്‍വഹിക്കുന്നത്. തിരുവനന്തപുരത്തും പരിസരങ്ങളിലുമായാണ് ചിത്രീകരണം പുരോഗമിക്കുന്നത്.