/sathyam/media/media_files/h4hGMsjpPeUwYhBiTkmu.jpg)
സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന്‍ എഐ സാങ്കേതിക വിദ്യ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ചത് വലിയ വാര്‍ത്തയായിരുന്നു. പുതിയ ചിത്രം ലാല്‍ സലാമിലെ തിമിരി യെഴടാ എന്ന ഗാനത്തിന് വേണ്ടി അന്തരിച്ച രണ്ട് ഗായകരായ ബംബ ബക്യ, ഷാഹുല്‍ ഹമീദ് എന്നിവരുടെ ശബ്ദം പുനഃസൃഷ്ടിക്കാന്‍ റഹ്‌മാന്‍ എഐ സാങ്കേതിക വിദ്യ പ്രയോഗിച്ചിരുന്നു. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
എഐ ടെക്നോളജി ഉപയോഗത്തിനെതിരെ പല ആരാധകരും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഇതില്‍ വിശദീകരണവുമായി എആര്‍ റഹ്‌മാന്‍ തന്നെ എത്തിയിരിക്കുകയാണ്. ഇതിഹാസ ഗായകരുടെ കുടുംബാംഗങ്ങള്‍ അനുവാദം വാങ്ങിയെന്നും പ്രതിഫലം അവര്‍ക്ക് നല്‍കിയുമാണ് ബംബ ബക്യ, ഷാഹുല്‍ ഹമീദ് എന്നിവരുടെ ശബ്ദം ഉപയോഗിച്ചത് എന്നാണ് ഓസ്‌കാര്‍ ജേതാവായ സംഗീതസംവിധായകന്‍ വിശദീകരിക്കുന്നത്.
എആര്‍ റഹ്‌മാന്റെ വാക്കുകള്‍ ഇങ്ങനെ 'ഞങ്ങള്‍ ഗായകരുടെ കുടുംബാംഗങ്ങളില്‍ നിന്ന് അനുവാദം വാങ്ങുകയും അവരുടെ വോയ്‌സ് അല്‍ഗോരിതം ഉപയോഗിച്ചതിന് അര്‍ഹമായ പ്രതിഫലം നല്‍കുകയും ചെയ്തിട്ടുണ്ട്. സാങ്കേതികവിദ്യ ശരിയായി ഉപയോഗിച്ചാല്‍ അത് ഒരു ഭീഷണിയും ശല്യവുമല്ല' - റഹ്‌മാന്‍ എക്സ് പോസ്റ്റില്‍ പറയുന്നു.
റഹ്‌മാനുമായൊത്ത് ഗായകന്‍ ബംബ ബക്യ നിരവധി ഗാനങ്ങളില്‍ സഹകരിച്ചിട്ടുണ്ട്. 2022 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം അന്തരിച്ചത്. ഗായകന്‍ ഷാഹുല്‍ ഹമീദ് 1997ല്‍ ചെന്നൈയ്ക്ക് സമീപം വാഹനാപകടത്തിലാണ് മരിച്ചത്. അതേസമയം എഐ ഉപയോഗിക്കുന്ന രീതിയോട് പൂര്‍ണ്ണമായും അനുകൂലമല്ല സോഷ്യല്‍ മീഡിയയുടെ പ്രതികരണം. നിരവധി ഉപയോക്താക്കള്‍ ഈ രീതി തെറ്റാണ് എന്ന് അഭിപ്രായപ്പെടുന്നുണ്ട്.