മോഷൻ പിക്ചർ ഡെവലപ്‌മെൻ്റ് ഫൗണ്ടേഷൻ R.O.C. യുടെ ഭാഗമായി തായ്പേയ് ഗോൾഡൻ ഹോഴ്സ് ഫെൻ്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിൽ അജയന്റെ രണ്ടാം മോഷണം' പ്രദർശിപ്പിച്ചു. തായ്പേയിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള സിനിമ കൂടിയാണിത്. ഒരു അന്യഭാഷ ചിത്രത്തെ എല്ലാ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുക്കുന്ന അത്യപൂർവ കാഴ്ചയാണ് ഇന്നലെ തായ്പേയിലെ ടൈറ്റാൻ തിയേറ്ററിൽ വെച്ചു നടന്ന പ്രദർശനത്തിൽ കാണാൻ സാധിച്ചത്.
ചിത്രത്തിലെ നായകൻ ടോവിയെയും സംവിധായകൻ ജിതിൻലാലിനെയും കാണാൻ നിരവധിപേരാണ് തടിച്ചുകൂടിയത്. ഇംഗ്ലീഷ് , ചൈനീസ് സബ്‌ടൈറ്റിലുകളുടെ സഹായത്തോടെ പ്രദർശിപ്പിച്ച ചിത്രത്തിലെ നർമ്മത്തെയും, കേളു മണിയൻ അജയൻ തുടങ്ങിയ കഥാപാത്രങ്ങളുടെ വൈകാരികതെയും ഒരുപോലാണ് തായ്‌വാനീസ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
സുജിത് നമ്പ്യാർ , ദിബു നൈനാൻ , ജോമോൻ ടി ജോൺ , ഷമീർ മുഹമ്മദ് , ജിതിൻ ലാൽ , സുരഭി ലക്ഷ്മി, ടോവിനോ എന്നിവരോടൊപ്പം മോഹൻലാലിന്റെ ശബ്ദവും തികഞ്ഞ ഹർഷാരവത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. രണ്ടോ മൂന്നോ ഭാഷയിൽ ഉള്ള സിനിമകൾ മാത്രം കണ്ടു ശീലിച്ച തായ്‌വാനീസ് പ്രേക്ഷകർക്ക് നാടോടിക്കഥയുടെയും , പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും സംഗീതത്തിന്റെയുമായ പുതിയ കാഴ്ച്ച അനുഭവങ്ങളാണ് ഈ സിനിമ നൽകിയിരിക്കുന്നത്.
ടോവിനോയെയും സംവിധായകനായ ജിതിൻ ലാലിയെയും സിനിമ കഴിഞ്ഞിട്ടും പതിനൊന്നാം നില മുതൽ റോഡ് വരെ വിടാതെ പിന്തുടർന്ന കാണികളുടെ ആഹ്ലാദപ്രകടനവും , രാത്രി വൈകിയും ഓട്ടോഗ്രാഫിനും ഫോട്ടോയ്ക്കും വേണ്ടി പുറകെ പോയ ജനങ്ങളുടെ ആരാധനപ്രകടനവും അത്യപൂർവ കാഴ്ചയാണെന്ന് മാത്രമല്ല അവരെയൊന്നും വിഷമിപ്പിക്കാതെയാണ് ഇരുവരും അവരുടെയാ ആഗ്രഹങ്ങളൊക്കെ സാധിപ്പിച്ചിരിക്കുന്നത് എന്നത് സന്തോഷമുണ്ടാക്കുന്ന വാർത്ത കൂടിയാണ്.
ചൈനീസ് , കൊറിയൻ ഡ്രാമകളും , ഇംഗ്ലീഷ് സിനിമകളും കൂടുതലായി കാണുന്ന, ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് ആണെന്ന് മാത്രം മനസിലാക്കിയ നിരവധി ആളുകൾക്ക് മുൻപിലാണ് അജയന്റെ രണ്ടാം മോഷണം ഇത്തവണ ചരിത്രം തിരുത്തിയിരിക്കുന്നത്.
മോളിവുഡിൽ നിന്നുള്ള ഒരു തികഞ്ഞ ദൃശ്യവിരുന്ന്! എന്ന് ചിത്രത്തെ കുറിച്ചഭിപ്രായപ്പെട്ട ജനങ്ങൾക്ക് മുൻപിലേക്ക് മണിച്ചിത്രത്താഴ് മുതൽ മഞ്ഞുമ്മൽ ബോയ്സ് വരെ, പ്രേക്ഷകർക്ക് മുൻപിലേക്കെത്തിക്കാൻ ഇതിനോടകം തന്നെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.