/sathyam/media/media_files/2024/12/31/LxG2OSlmnXKY63SFuydT.jpg)
മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ന് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'രേഖാചിത്രം' 2025 ജനുവരി 9ന് തിയറ്റർ റിലീസ് ചെയ്യും. ആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ട്രെയിലർ വലിയ രീതിയിൽ സ്വീകാര്യത നേടിയപ്പോൾ, ചിത്രത്തെ കുറിച്ച് ഒരു പ്രമുഖ ചാനലിൽ ആസിഫ് അലി പറഞ്ഞ വാക്കുകളാണിപ്പോൾ പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തിയിരിക്കുന്നത്.
പ്രേക്ഷകർ കണ്ട് മറന്ന ഒരു സിനിമയുടെ പരിവർത്തനമാണ് 'രേഖാചിത്രം' എന്നാണ് ആസിഫ് അലി പറയുന്നത്. അതോടൊപ്പം ഇതൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറല്ല ഇൻവെസ്റ്റിഗേഷൻ ഡ്രാമയാണെന്നും ആസിഫ് അലി പറയുന്നുണ്ട്.
"രേഖാചിത്രം ഓൾട്ടർനേറ്റീവ് ഹിസ്റ്ററി കാറ്റഗറിയിൽ അതാവാ ആ ജോണറിൽ വരുന്ന സിനിമയാണ്. ഞാനിതിന്റെ സ്ക്രിപ്റ്റ് കേൾക്കുന്നത് ഏതദേശം ഒന്നര വർഷം മുന്നെയാണ്. നമ്മളൊക്കെ കണ്ടു മറന്ന ഒരു സിനിമ, ആ സിനിമയിൽ സംഭവിച്ചു എന്ന രീതിയിലേക്ക് വ്യഖ്യാനിക്കപ്പെടുന്ന ഒരു ക്രൈം. അതിനെ ബേസ് ചെയ്തുകൊണ്ടാണ് ഇതിന്റെ കഥ പോവുന്നത്.
സ്ക്രീൻ പ്രേ വായിക്കുമ്പോൾ എനിക്ക് ഭയങ്കര എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നു. ഇപ്പൊ ഞാനത് ഏതാണ് സിനിമ എന്ന് പറയാനാഗ്രഹിക്കുന്നില്ല. നമുക്കൊല്ലാം വളരെ ഫെമിലിയറായിട്ടുള്ളൊരു സിനിമയാണ്. അതിലെ പാട്ടുകൾ ഭയങ്കര ഹിറ്റാണ്.
എന്റെ ചെറുപ്പം മുതലേ ഞാൻ കണ്ടിട്ടുള്ളൊരു സിനിമയാണ്. ഇതിനെ ഇൻവെസ്റ്റിഗേഷൻ ത്രില്ലറെന്നൊന്നും പറയാൻ പറ്റില്ല. ഒരു ഇൻവെസ്റ്റിഗേഷൻ ഡ്രാമ, അങ്ങനെ പറയേണ്ടൊരു സിനിമയാണ്.
എനിക്ക് ഭയങ്കര പുതുമ തോന്നുന്നൊരു കഥയും ചുറ്റുപാടുമൊക്കെയാണ് സിനിമയുടേത്." എന്നാണ് ആസിഫ് അലി പറഞ്ഞത്. പോലീസ് ഗെറ്റപ്പിൽ ആസിഫ് അലി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ വിവേക് ഗോപിനാഥ് എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്.
ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. ആസിഫ് അലി, അനശ്വര രാജൻ എന്നിവർക്കൊപ്പം മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.