/sathyam/media/media_files/2025/11/28/pennum-porattum-iffi-2025-11-28-20-39-06.jpg)
ഗോവയിൽ നടക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ വമ്പൻ പ്രശംസ നേടി പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത 'പെണ്ണും പൊറാട്ടും'. കഴിഞ്ഞ ദിവസമായിരുന്നു ഐഎഫ്എഫ്‌ഐയിൽ ഈ ചിത്രത്തിന്റെ പ്രീമിയർ അരങ്ങേറിയത്. വലിയ പ്രേക്ഷക പിന്തുണയോടെ നടന്ന ചിത്രത്തിന്റെ പ്രീമിയറിനു ശേഷം വലിയ കയ്യടികളും പ്രശംസയുമാണ് ചിത്രത്തിന് ലഭിച്ചത്.
ബുധനാഴ്ച്ച വൈകുന്നേരം ചലച്ചിത്രോത്സവത്തിലെ പ്രധാന വേദിയായ ഐനോക്സിൽ നിറഞ്ഞ സദസ്സിലായിരുന്നു ചിത്രം പ്രദർശിപ്പിച്ചത്. ഗാല പ്രീമിയർ വിഭാഗത്തിൽ ആണ് ചിത്രത്തിന്റെ പ്രീമിയർ നടന്നത്. ഒട്ടേറെ മികച്ച അന്തര്‍ദേശീയ, രാജ്യാന്തര ചലച്ചിത്രങ്ങള്‍ക്കൊപ്പം ഈ വിഭാഗത്തിൽ ഈ വർഷം പ്രദർശിപ്പിച്ച ഒരേയൊരു മലയാള സിനിമയാണ് പെണ്ണും പൊറാട്ടും എന്ന പ്രത്യേകതയുമുണ്ട്. സാമൂഹിക- ആക്ഷേപ ഹാസ്യം എന്ന ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
'ന്നാ താൻ കേസ് കൊട്', 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ' തുടങ്ങിയ ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ച സന്തോഷ് ടി കുരുവിള, ബിനു ജോർജ് അലക്സാണ്ടർ എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രത്തിൽ സുട്ടു എന്ന നായയും നൂറോളം പുതുമുഖ അഭിനേതാക്കളും പരിശീലനം ലഭിച്ച നാനൂറിലധികം മൃഗങ്ങളും ആണ് അണിനിരന്നത്. പട്ടട എന്ന ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ഗോപാലൻ മാസ്റ്റർ, ചാരുലത, ബാബുരാജ്, ബാബുരാജിന്റെ നായയായ സുട്ടു എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധവും ചിത്രത്തിന്റെ ഇതിവൃത്തത്തിന്റെ ഭാഗമാണ്. രവിശങ്കറിന്റെ തിരക്കഥയിൽ, രാജേഷ് മാധവൻ സംവിധാനം ചെയ്ത ചിത്രം, 2026 ജനുവരിയിൽ തീയേറ്ററുകളിലെത്തും. ഇത് കൂടാതെ, കേരളത്തിന്റെ സ്വന്തം അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ IFFK യിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിലും ചിത്രം പ്രദർശിപ്പിക്കും.
ഛായാഗ്രഹണം- സബിൻ ഊരാളിക്കണ്ടി, സംഗീതം- ഡോൺ വിൻസെന്റ്, ചിത്രസംയോജനം- ചമൻ ചാക്കോ, കോ പ്രൊഡ്യൂസർ- ഷെറിൻ റേച്ചൽ സന്തോഷ്, പ്രൊഡക്ഷൻ കൺട്രോളർ- ബെന്നി കട്ടപ്പന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അരുൺ സി തമ്പി, സൗണ്ട് ഡിസൈനർ- ശ്രീജിത്ത് ശ്രീനിവാസൻ, കലാസംവിധാനം- വിനോദ് പട്ടണക്കാടന്‍, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- ടിനോ ഡേവിസ് & വിശാഖ് സനൽകുമാർ, പോസ്റ്റർ ഡിസൈൻസ്- സർക്കാസനം, പി ആർ ഒ - വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us