/sathyam/media/media_files/2025/01/02/ns2KoGGoow9bDvrXrNGQ.jpg)
ബംഗളൂരു: കന്നഡ സൂപ്പർതാരം ശിവ രാജ്കുമാർ അടുത്തിടെയാണ് താനിക്ക് കാൻസർ രോഗമുണ്ടെന്ന് ആരാധകരോട് വെളിപ്പെടുത്തിയത്. രോഗ നിർണയത്തിനു പിന്നാലെ സിനിമകളിൽ നിന്നും ഇടവേളയെടുത്ത താരം ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയി.
അമേരിക്കയിലെ ചികിത്സക്കൊടുവിൽ സന്തോഷ വാർത്തയാണ് ശിവണ്ണ ആരാധകരെ തേടി എത്തിയിരിക്കുന്നത്. തന്നെ ബാധിച്ച കാൻസർ രോഗത്തിൽ നിന്നും താൻ മുക്തനായെന്ന വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം സന്തോഷവാർത്ത പങ്കുവച്ചത്.
ഡിസംബർ 24-ന് യുഎസിലെ മിയാമി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ (എംസിഐ) മൂത്രാശയ അർബുദത്തിനുള്ള ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായിരുന്നു. തുടർന്ന് താരത്തിന്റെ ബ്ലാഡർ നീക്കം ചെയ്തിരുന്നു.
വിജയകരമായ ശസ്ത്രക്രിയയെക്കുറിച്ചുള്ള അപ്ഡേറ്റിന് ശേഷം, തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരം കാത്തിരുന്നവർക്കാണ് ശിവ് രാജ്കുമാറും ഭാര്യ ഗീതയും സന്തോഷ വാർത്ത നൽകിയത്.
സമൂഹ മാധ്യമങ്ങളിൽ താരം പങ്കുവച്ച വിഡിയോയിലൂടെ പറഞ്ഞത്
‘സംസാരിക്കുമ്പോൾ വികാരാധീനനാകുമോ എന്ന് ഞാൻ ഭയപ്പെടുന്നു, കാരണം യുഎസിലേക്ക് പോകുമ്പോൾ ഞാൻ അൽപ്പം വികാരഭരിതനായിരുന്നു. എന്നാൽ ധൈര്യം പകരാൻ ആരാധകർ ഉണ്ട്. ചില സഹപ്രവർത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഡോക്ടർമാരും കൂടെയുണ്ടായിരുന്നു.
തന്റെ പ്രയാസകരമായ സമയങ്ങളിൽ തനിക്ക് ഉറച്ച പിന്തുണ നൽകിയ ഗീതയേയും അദ്ദേഹം പ്രശംസിച്ചു. 'എന്റെ ജീവിതത്തിലുടനീളം, ഗീതയില്ലാതെ ശിവണ്ണയില്ല. എനിക്ക് മറ്റാരിൽ നിന്നും അത്തരം പിന്തുണ ലഭിക്കുമോ എന്ന് എനിക്കറിയില്ല, പക്ഷേ എനിക്ക് അവളിൽ നിന്ന് അത് ലഭിക്കും' ശിവ രാജ്കുമാർ കൂട്ടിച്ചേർത്തു. മകൾ നിവേദിത രാജ്കുമാറിന്റെ പിന്തുണയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ആദ്യ ഘട്ടത്തിൽ വിശ്രമമെടുത്ത് മുന്നോട്ട് പോകാനും മാർച്ചിന് ശേഷം പൂർണ കരുത്തോടെ ജോലിയിൽ പ്രവേശിക്കാനും ഡോക്ടർമാർ എന്നോട് ആവശ്യപ്പെട്ടു. ഞാൻ തീർച്ചയായും പഴയ ഊർജത്തോടെ വരും, എങ്ങോട്ടുംപോകില്ല.
ശിവണ്ണ മുമ്പ് എങ്ങനെയായിരുന്നോ അതുപോലെ തന്നെ നൃത്തത്തിലും ലുക്കിലും ഇരട്ടി ശക്തി ഉണ്ടാകും. നിങ്ങളുടെ അനുഗ്രഹത്താൽ ഞാൻ എപ്പോഴും ഊർജസ്വലനായിരിക്കും’.