/sathyam/media/media_files/2025/11/15/meet-girija-oak-the-actress-behind-the-viral-blue-saree-sensation-2025-11-15-09-56-19.webp)
'ദി വുമണ്‍ ഇന്‍ ദി ബ്ലൂ സാരി' എന്ന പേരില്‍, ബോളിവുഡ് നടി ഗിരിജ ഓക്കിന്റെ മോര്‍ഫ് ചെയ്ത അശ്ലീലചിത്രങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ വൈറല്‍.
ലക്ഷക്കണക്കിനുപേരാണ് എഐ സഹായത്തോടെ തയാറാക്കിയ വ്യാജ അശ്ലീലചിത്രങ്ങള്‍ കണ്ടത്. ഇപ്പോള്‍, സംഭവത്തില്‍ പ്രതികരണവുമായി ഗിരിജ നേരിട്ടു രംഗത്തെത്തിയിരിക്കുകയാണ്.
ഗുല്‍ഷന്‍ ദേവയ്യയ്ക്കൊപ്പം റിലീസിനൊരുങ്ങുന്ന 'തെറാപ്പി ഷെറാപ്പി' എന്ന വെബ് സീരീസിനായി തയാറെടുക്കുന്ന താരം വീഡിയോ സന്ദേശത്തിലൂടെയാണ് ശക്തമായ പ്രതികരണം നടത്തിയത്.
മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് പ്രചരിക്കുന്നതെന്നും ഇത്തരത്തിലുള്ള അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ തനിക്ക് പന്ത്രണ്ട് വയസുള്ള മകനുണ്ടെന്ന് ഓര്‍ക്കണമെന്നും താരം പറയുന്നു.
'ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് തികഞ്ഞ ഭ്രാന്താണ്...' ഗിരിജ പറഞ്ഞു. ആരാധകരില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും ഒഴുകിയെത്തിയ സ്‌നേഹത്തിന് അവര്‍ നന്ദിയും പറഞ്ഞു.
'എനിക്ക് ഒരുപാട് സ്‌നേഹം ലഭിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലോ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലോ എന്റെ പോസ്റ്റുകള്‍ കണ്ട ആളുകളില്‍നിന്ന് ധാരാളം മനോഹരമായ കമന്റുകള്‍, സന്ദേശങ്ങള്‍, ഫോണ്‍ കോളുകള്‍ ലഭിക്കാറുണ്ട്. എനിക്ക് ലഭിക്കുന്ന സ്‌നേഹത്തിന്റെ അളവ് വളരെ വലുതാണ്...' താരം പറഞ്ഞു.
തന്റേതായി പ്രചരിക്കുന്ന അശ്ലീല ചിത്രങ്ങള്‍ തന്നെ വേദനിപ്പിച്ചെന്നും താരം തുറന്നുപറഞ്ഞു. അമ്മ എന്ന നിലയില്‍ വ്യക്തിപരമായ ഒരു കാഴ്ചപ്പാടിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.
'എനിക്ക് പന്ത്രണ്ട് വയസുള്ള മകനുണ്ട്. അവന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാറില്ല, പക്ഷേ വൈകാതെ ഉപയോഗിക്കും.
അവന്‍ വളരുമ്പോള്‍, ഈ ചിത്രങ്ങള്‍ അവന് ലഭ്യമാകും, കാരണം അപ്പോഴും ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ടാകാം. എന്നെന്നേക്കുമായി ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നിലനില്‍ക്കും. അവന്റെ അമ്മയുടെ അശ്ലീല ചിത്രങ്ങള്‍, അവന്‍ ഒരു ദിവസം കാണാനിടയാകും.
ചിത്രങ്ങള്‍ വ്യാജമാണെങ്കിലും അത് എന്നെ വിഷമിപ്പിക്കുന്നു. എന്നെ ഭയപ്പെടുത്തുന്നു. അവയെക്കുറിച്ച് അവന്‍ എങ്ങനെ ചിന്തിക്കുമെന്നത് എന്നെ അലട്ടുന്നു.
എന്നാല്‍, അവ യഥാര്‍ഥ ചിത്രങ്ങളല്ലെന്നും എഐയുടെ സഹായത്തോടെ നിര്‍മിച്ചതാണെന്നും അവനു മനസിലാകും...' ഗിരിജ പറഞ്ഞു.
മറാത്തി നാടക-സിനിമാമേഖലയില്‍ പ്രശസ്തയായ ഗിരിജ ഓക്ക്, താരേ സമീന്‍ പര്‍, ലേഡീസ് സ്പെഷ്യല്‍, ജവാന്‍, ഇന്‍സ്പെക്ടര്‍ സെന്‍ഡെ തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us