മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്തു

സാധാരണ എല്ലാവരോടും പെരുമാറുന്ന രീതിയിലാണ് പെരുമാറിയത് എന്നും തെറ്റായ ഉദ്ദേശമുണ്ടായിരുന്നില്ലെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

New Update
suresh gopi latest

കോഴിക്കോട്: അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. നടക്കാവ് പൊലീസാണ് കേസെടുത്തത്. 354 എ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Advertisment

സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയത്. സംഭവത്തില്‍ സുരേഷ് ഗോപി മാപ്പ് പറയുകല്ല വിശദീകരണം നല്‍കുകയാണ് ചെയ്തത് എന്നാണ് മാധ്യമപ്രവര്‍ത്തക പറയുന്നത്. ചെയ്തത് തെറ്റാണെന്ന ബോധ്യത്തിലല്ല, തനിക്ക് അങ്ങനെ തോന്നിയെങ്കില്‍ മാപ്പ് പറയുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞു.

സാധാരണ എല്ലാവരോടും പെരുമാറുന്ന രീതിയിലാണ് പെരുമാറിയത് എന്നും തെറ്റായ ഉദ്ദേശമുണ്ടായിരുന്നില്ലെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. 'തെറ്റായ വിചാരത്തിലോ അങ്ങനെ ഒരു തോന്നലിലോ ഒന്നും ചെയ്തതല്ല. തീര്‍ത്തും സാധാരണ പെണ്‍കുട്ടികളോട് പെരുമാറുന്നത് പോലെയാണ് പെരുമാറിയത്. അത് ഒരു റോങ് ടച്ച് ആയി അല്ല. പക്ഷേ ആ കുട്ടിക്ക് അങ്ങനെയാണ് തോന്നിയതെങ്കില്‍ സമൂഹത്തിന് മുന്നില്‍ മാപ്പ് പറയുന്നു. ഇത് പറയാന്‍ ഇന്നലെ തന്നെ ഞാന്‍ ആ കുട്ടിയെ വിളിച്ചിരുന്നു. പക്ഷേ ഫോണ്‍ എടുത്തില്ല. അവരുടെ ഭര്‍ത്താവിന്റെ നമ്പറിലും ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. 

മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു, ഞാന്‍ അതിന് തയ്യാറായി. ഇതിന് ശേഷവും പരാതിയുമായി മുന്നോട്ട് പോകാനാണ് തീരമാനമെങ്കില്‍ അതും നേരിടാന്‍ തയ്യാറാണ്. ഞാന്‍ തെറ്റ് ചെയ്തില്ല എന്നു തന്നെ പറയുന്നു. എങ്കിലും അവരുടെ തെറ്റിനാണ് സ്ഥാനമെങ്കില്‍ ഞാന്‍ ആ തെറ്റിന് മാപ്പ് പറയുന്നു,' സുരേഷ് ഗോപി പറഞ്ഞു. ഇന്നലെ കോഴിക്കോട് വച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് മീഡിയ വണ്‍ ചാനലിലെ സ്പെഷ്യല്‍ കറസ്പോണ്ടന്റിനോട് സുരേഷ് ഗോപി മോശമായി പെരുമാറിയത്.

suresh gopi latest news
Advertisment