‘ഉലകനായകന്‍’ ഉള്‍പ്പെടെ ഒരു വിളിപ്പേരും തനിക്ക് വേണ്ടി ഉപയോഗിക്കരുതെന്ന് തെന്നിന്ത്യൻ താരം കമൽ ഹാസൻ. ഇംഗ്ലീഷിലും തമിഴിലും എഴുതിയ നീണ്ട കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വിളിപ്പേരുകളിലൂടെയുള്ള സ്‌നേഹത്തെയും ബഹുമാനത്തെയും താന്‍ ആഴത്തില്‍ അഭിനന്ദിക്കുന്നുണ്ടെങ്കിലും, കലാകാരനെ ഒരിക്കലും കലയ്ക്ക് മുകളില്‍ ഉയര്‍ത്താന്‍ പാടില്ലെന്നാണ് വിശ്വസിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
പഠിക്കാനും വളരാനും നിരന്തരം പരിശ്രമിക്കുന്ന ഒരു സിനിമാ വിദ്യാര്‍ഥി എന്ന നിലയില്‍ തന്റെ യാത്രയെക്കുറിച്ച് കമല്‍ഹാസന്‍ വിശദീകരിച്ചു. എണ്ണമറ്റ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും പ്രേക്ഷകരുടെയും സംഭാവനകളാല്‍ രൂപപ്പെട്ട കൂട്ടായ സൃഷ്ടിയാണ് സിനിമ. കമല്‍ഹാസന്‍, കമല്‍, കെഎച്ച് എന്നിങ്ങനെ ലളിതമായി വിളിക്കാനാണ് അദ്ദേഹത്തിൻ്റെ അഭ്യർഥന.
ആരാധകരും മാധ്യമങ്ങളും സഹപ്രവര്‍ത്തകരും രാഷ്ട്രീയ അനുയായികളും ഇത് മാനിക്കണമെന്നാണ് തൻ്റെ ആഗ്രഹം. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ആഗ്രഹത്തില്‍ നിന്നാണ് ഈ തീരുമാനമുണ്ടായത്. കാലങ്ങളോളമുള്ള ആരാധകരുടെ അചഞ്ചലമായ പിന്തുണയ്ക്കും സഹാനുഭൂതിക്കും അദ്ദേഹം നന്ദി പറഞ്ഞു. ഈയടുത്ത് തമിഴ് താരം അജിത്തും തന്നെ ‘തല’ പോലുള്ള അഭിസംബോധനകൾ നടത്തരുതെന്ന് അഭ്യർഥിച്ചിരുന്നു.