സാമൂഹ്യ വിഷയം കൈകാര്യം ചെയ്യുന്ന സംസ്കൃത ചലച്ചിത്രം 'തയ' ഏപ്രിൽ 6 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സാലിഗ്രാമിലെ പ്രസാദ് സ്റ്റുഡിയോ തീയേറ്ററിൽ പ്രദർശിപ്പിക്കും. കലാ സാംസ്ക്കാരിക സംഘടനയായ ദക്ഷിണയാണ് പ്രദർശനം ഒരുക്കുന്നത്. ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ചിത്രം ഡോ. ജി പ്രഭയാണ് എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
അവളാൽ (By Her) എന്നാണ് 'തയാ' എന്ന സംസ്കൃത പദത്തിന് അർത്ഥം. മലയാളികൾക്ക് എല്ലാം പരിചയമുള്ള ചരിത്ര വനിതയായ താത്രിക്കുട്ടിയുടെ കഥ പുതിയൊരു കാഴ്ചപ്പാടിൽ അവതരിപ്പിക്കുകയാണ് ഈ സിനിമയിലൂടെ സംവിധായകൻ ചെയ്തിരിക്കുന്നത്.
അനുമോൾ, നെടുമുടി വേണു, ബാബു നമ്പൂതിരി, ദിനേശ് പണിക്കർ, നെല്ലിയോട് വാസുദേവൻ നമ്പൂതിരി, സുനിൽ പള്ളിപ്പുറം, ഉത്തര, മോഹിനി സോപാനം, ആദിദേവ്, നന്ദകിഷോർ, കൃഷ്ണൻ വടശ്ശേരി, ആനി ജോയൻ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
/sathyam/media/media_files/IHH8bILQFFFcxeDNw9cv.jpg)
നെടുമുടി വേണു ഏറ്റവും അവസാനമായി അഭിനയിച്ച് ഡബ്ബിങ് പൂർത്തിയാക്കിയ സിനിമ കൂടിയാണ് 'തയ'. ലോകപ്രശസ്ത കഥകളി ആചാര്യനായ നെല്ലിയോട് വാസുദേവൻ നമ്പൂതിരി അവസാനമായി നിർവഹിച്ച കലാപ്രവർത്തനവും 'തയ'യിലെ അഭിനയമാണ്. ഛായാഗ്രഹകൻ സണ്ണി ജോസഫാണ് ക്യാമറ. ബി.ലെനിനാണ് സിനിമയുടെ എഡിറ്റർ. സംഗീതം: ബിജു പൗലോസ്, സൗണ്ട്: ടി കൃഷ്ണനുണ്ണി, ആർട്: ബോബൻ, മേക്കപ്പ്: പട്ടണം റഷീദ്, കോസ്റ്റ്യും: ഇന്ദ്രൻസ് ജയൻ.
ഇന്ത്യക്കകത്തും പുറത്തുമായി അമ്പതോളം ഫിലിം ഫെസ്റ്റിവലുകളിലേക്ക് ഈ ചിത്രം ഇതിനകം തെരഞ്ഞെടുക്കപ്പെടുകയും നേടുകയും പുരസ്ക്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ലോകത്തിൽ ആദ്യമായ് സാമൂഹിക വിഷയം കൈകാര്യം ചെയ്യുന്ന സംസ്കൃത സിനിമ 'ഇഷ്ടി' ഏതാനും വർഷം മുമ്പ് സംവിധാനം ചെയ്തതും ഡോ.ജി പ്രഭയാണ്.
പ്രദർശനം സൗജന്യമാണ്. ചിത്രം കാണാൻ താല്പര്യമുള്ളവർക്ക് 9884909 366 എന്ന നമ്പരിൽ ബന്ധപ്പെടാമെന്ന് ദക്ഷിണ പ്രസിഡൻ്റ് ഡോ. സി ജി രാജേന്ദ്രബാബുവും സെക്രട്ടറി ജനറൽ എസ് എസ് പിള്ളയും അറിയിച്ചു.