ജനപ്രിയ നായകൻ ദിലീപ് തിരികെയെത്തി, പവിയെന്ന പവിത്രനിലൂടെ. ദിലീപ് സിനിമകളുടെ ഗൃഹാതുരത്വം ഉണർത്തി വിനീത് കുമാർ ഒരുക്കിയ പവി പ്രേക്ഷകരെ ചിരിപ്പിച്ച് കൊല്ലും.

author-image
സുഭാഷ് ടി ആര്‍
Updated On
New Update
pavi care taker

മലയാള സിനിമാ പ്രേക്ഷകരുടെ ഇടയിലൂടെ ഓടിച്ചാടി നടന്ന് ചിരിപ്പിയ്ക്കുകയും ചിലപ്പോൾ കരയിപ്പിയ്ക്കുകയും ചെയ്ത ദിലീപിനെ വർഷങ്ങൾക്ക് ശേഷം പ്രേക്ഷകർക്ക് തിരികെ കിട്ടിയ സിനിമയാണ് പവി കെയർടേക്കർ.

Advertisment

പുഴ കടന്ന് പറക്കും തളികയിൽ സിഐഡി മൂസയായി മീശമാധവനായി മലയാള സിനിമയുടെ കൊച്ചു കാര്യസ്ഥനായി മായാമോഹിനിയായി മലയാള സിനിമാ ആസ്വാദകരെ ആകർഷിച്ച്, അമ്പരപ്പിച്ച് കേശുവേട്ടനായി. ഇപ്പോൾ ഇതാ, പവിയായി കെയർടേക്കറായി ഓടിയും ചാടിയും നടന്നും നൃത്തം ചെയ്തും പ്രേക്ഷകരുടെ ഇടയിലൂടെ ഊളിയിട്ട് ചിരിപ്പിച്ചുകൊണ്ടിരിയ്ക്കുന്നു.

വർഷങ്ങൾക്ക് ശേഷം ദിലീപ് തനതായ അഭിനയശൈലിയിലേക്ക് തിരിച്ചെത്തിച്ചത് വിനീത് കുമാർ എന്ന നടനും സംവിധായകനും ആയിരുന്നു. രാജേഷ് രാഘവന്റെ തിരക്കഥയിൽ, സനു താഹിറിന്റെ ലെൻസിലൂടെ, വിനീത് കുമാറിന്റെ  സംവിധാനത്തിൽ ഒരുക്കിയ പവി കെയർടേക്കർ എന്ന ചിത്രം  പ്രേക്ഷകരെ തിയേറ്ററിൽ പിടിച്ചിരുത്തും. ഈ ചിത്രം കാണാൻ ധൈര്യമായി കുടുംബ സമേതം വരാം.

pavi caretaker-2

മാതാപിതാക്കളും ഉറ്റബന്ധുക്കളും ഇല്ലാത്ത പവി എന്ന് പവിത്രൻ കെയർടേക്കറായി ജോലിചെയ്യുന്ന ഫ്ലാറ്റിലും പവി താമസിക്കുന്ന വീട്ടിലും മറ്റും സംഭവിയ്ക്കുന്ന കാര്യങ്ങൾ രസകരമായി, സ്വാഭാവികതയോടെ പ്രേക്ഷകരുടെ മുന്നിൽ വിനീത് എത്തിച്ചു.

അപ്രതീക്ഷിതമായി പവിയുടെ താമസസ്ഥലത്തേക്ക് പടികൾ കയറിവന്ന സ്ത്രീ പവിയുടെ ഏകാന്ത ജീവിതത്തിന്റെ താളം തെറ്റിച്ചു.

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നതിൽ വിനീത് കുമാർ വിജയിച്ചിട്ടുണ്ട്. ആരെയെങ്കിലും പരിചയപ്പെട്ടാലുടനെ മൊബൈൽ നമ്പർ കൈമാറുന്ന ഇന്നത്തെ കാലത്ത് രണ്ട് പേർ കത്തിലൂടെ സംസാരിയ്ക്കുന്നത് ആധുനിക തലമുറയിലെ സിനിമാ ആസ്വാദകർക്ക് നവ്യാനുഭവമായി.

വളർത്ത്നായ ബ്രോ ആണ് കഥയുടെ സസ്പെൻസ് തകർക്കുന്നത്. സസ്പെൻസ് നിലനിർത്തി കഥ മുന്നോട്ട് കൊണ്ടുപോകുന്നതിൽ തിരക്കഥാകൃത്ത് രാജേഷ് രാഘവൻ അതീവ ശ്രദ്ധാലു ആയിരുന്നു എന്ന് സിനിമ കാണുമ്പോൾ തോന്നും. സനു താഹിറിന്റെ ഫ്രെയിമുകൾ ചലച്ചിത്രത്തെ മിഴിവുറ്റതാക്കി. 

pavi caretaker-3

ജോണി ആന്റണിയുടെ മാത്തൻ  എന്ന സെക്യൂരിറ്റി നിത്യ ജീവിതത്തിൽ നാം കാണുന്ന പലരേയും ഓർമ്മിപ്പിക്കുന്നു. രാധികയുടെ റിട്ടയേർഡ് എസ്ഐ മറിയാമ്മയും ധർമ്മജന്റെ രതീഷും അവരവരുടെ റോളുകൾ ഭംഗിയാക്കി.

ജൂഹി ജയകുമാറിന്റെ മാലിനിയും ശ്രേയ രുക്മിണിയുടെ ജാനകിയും റോസ്മിൻ തടത്തിലിന്റെ ജീനയും സ്വാതി കൊണ്ടെയുടെ ലീനയും ദിലീന രാമകൃഷ്ണന്റെ ശ്രുതിയും ശ്രദ്ധേയമായി. മലയാള സിനിമയിലേക്ക് മുതൽക്കൂട്ടാകാൻ സാദ്ധ്യത ഉള്ള ഈ അഞ്ച് പുതുമുഖ നടികളെ അവതരിപ്പിച്ച ഗ്രാൻഡ് പ്രൊഡക്ഷൻസ് അഭിനന്ദനം അർഹിക്കുന്നു.

Advertisment