മുംബൈ: പ്രസിദ്ധ ബോളിവുഡ് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ അശ്വിനി ധീറിന്റെ മകൻ ജലജ് ധിർ (18) കാറപകടത്തിൽ മരിച്ചു. സുഹൃത്തുക്കളോടൊപ്പം കാറിൽ പോകുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.
വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ വിലേ പാർലെ ഭാഗത്തുവെച്ചാണ് ശനിയാഴ്ച കാർ അപകടത്തിൽപെട്ടത്. സുഹൃത്തുക്കളായ മൂന്നു പേരോടൊപ്പം ബാന്ദ്രയിൽ നിന്ന് ഗോരേഗാവിലേക്ക് പോവുകയായിരുന്നു ജലജ് ധിർ. സുഹൃത്തായ സാഹിൽ മെൻഡയാണ് കാർ ഓടിച്ചിരുന്നതെന്നും ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
സഹാറ സ്റ്റാർ ഹോട്ടലിന് സമീപം വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെടുകയും കാർ സർവീസ് റോഡിനും പാലത്തിനും ഇടയിലുള്ള ഡിവൈഡറിൽ ഇടിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അപകടത്തിൽ ജലജ് ധിറിന്റെ സുഹൃത്തായ സാർത്ത് കൗശിക് (18) എന്നയാളും മരിച്ചിട്ടുണ്ട്.
മറ്റു രണ്ടു പേർക്ക് പരിക്കേറ്റു. കാറോടിച്ച സാഹിൽ മെൻഡയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മെൻഡ മണിക്കൂറിൽ 120-150 കിലോമീറ്റർ വേഗത്തിൽ വാഹനം ഓടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.