/sathyam/media/media_files/2025/11/06/33-2025-11-06-06-58-45.jpg)
ബച്ചന്‍ കുടുംബത്തിലെ ഇളംതലമുറക്കാരന്‍ അഗസ്ത്യ നന്ദ, വീരസൈനികന്‍ അരുണ്‍ ഖേതര്‍പാലായി വേഷമിടുന്ന ഇക്കിസിന്റെ ട്രയിലര്‍ ഏറ്റെടുത്ത് ലോകമെമ്പാടുമുള്ള ആരാധകര്‍. ഇന്ത്യ-പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം, ദേശഭക്തിയുടെ മറ്റൊരു സമ്പൂര്‍ണഇതിഹാസമാണ്. യുദ്ധത്തില്‍ പങ്കെടുത്ത അരുണ്‍ ഖേതര്‍പാല്‍ എന്ന വീരസൈനികന്റെ യഥാര്‍ഥ പോരാട്ടമാണ് ചിത്രം അനാവരണം ചെയ്യുന്നത്.
ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലറിനെ അമിതാഭ് ബച്ചന്‍ പ്രശംസിക്കുകയും തന്റെ ചെറുമകന്‍ അഗസ്ത്യക്ക് വിജയം നേരുകയും ചെയ്തു. ബച്ചന്റെ ആശംസയും അനുഗ്രഹവും ചിത്രത്തെക്കുറിച്ചുള്ള വാക്കുകളും ചലച്ചിത്രലോകവും ബച്ചന്‍ കുടുംബത്തിന്റെ ആരാധകരും ഏറ്റെടുത്തു.
ബച്ചന്‍ തന്റെ എക്‌സ് ഹാന്‍ഡില്‍ ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവയ്ക്കുകയും അഗസ്ത്യക്ക് വേണ്ടി ഒരു കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു.
'അഗസ്ത്യാ... നിന്നെക്കുറിച്ച് അഭിമാനിക്കുന്നു... സ്‌നേഹവും വിജയാശംസകളും. ഡിസംബര്‍ 25 ന്, ഒരുരാജ്യത്തിന്റെ ധീരത സിനിമാശാലകളിലേക്ക് മാര്‍ച്ച് ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പരം വീരചക്ര നായകനായ സെക്കന്‍ഡ് ലെഫ്റ്റനന്റ് അരുണ്‍ ഖേതര്‍പാലിന്റെ പറയപ്പെടാത്ത യഥാര്‍ഥ കഥയ്ക്ക് സാക്ഷ്യം വഹിക്കുക... ഈ ക്രിസ്മസിന് ലോകമെമ്പാടുമുള്ള സിനിമാശാലകളില്‍...' ബച്ചന്‍ എഴുതി.
ശ്രീറാം രാഘവന്‍ സംവിധാനം ചെയ്ത ഇക്കിസ് ഡിസംബര്‍ 25 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. മാഡോക്ക് ഫിലിംസിന്റെ പ്രൊഡക്ഷന്‍ ബാനറില്‍ ദിനേശ് വിജനാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. 1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ 21-ാം വയസില്‍ വീരമൃത്യു വരിച്ച ഖേതര്‍പാലായാണ് അഗസ്ത്യ വെള്ളിത്തിരയിലെത്തുന്നത്.
വീരസൈനികന്റെ ധൈര്യത്തിനും ത്യാഗത്തിനും മരണാനന്തരം, ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതിയായ പരം വീരചക്ര നല്‍കി രാജ്യം ആ വീരപോരാളിയെ ആദരിച്ചു.
2023ല്‍ സോയ അക്തര്‍ സംവിധാനം ചെയ്ത ദി ആര്‍ച്ചീസ് എന്ന ചിത്രത്തിലൂടെയാണ് അഗസ്ത്യ അഭിനയരംഗത്തേക്കു കടന്നുവന്നത്. നെറ്റ്ഫ്‌ളിക്‌സില്‍ പുറത്തിറങ്ങിയ ഈ പരമ്പരയില്‍ സുഹാന ഖാന്‍, ഖുഷി കപുര്‍, മിഹിര്‍ അഹുജ എന്നിവരും കേന്ദ്രകഥാപാത്രങ്ങളാണ്. ക്ലാസിക് അമേരിക്കന്‍ കോമിക് പുസ്തകപരമ്പരയായ ആര്‍ച്ചി കോമിക്‌സിന്റെ ഇന്ത്യന്‍ പതിപ്പായിരുന്നു ഇത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us