/sathyam/media/media_files/2025/08/20/the-case-diary-2025-08-20-14-45-17.jpg)
പൊന്നാനി: പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ആസ്വാദനം സമ്മാനിക്കാൻ മലയാള സിനിമയിൽ മറ്റൊരു ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം കൂടി വരുന്നു. ഈ മാസം 21 വ്യാഴാഴ്ച സംസ്ഥാനത്തെ തിരഞ്ഞെടുത്ത 100 തിയേറ്ററുകളിലാണ് "ദി കേസ് ഡയറി" യുടെ പ്രദർശനോൽഘാടനമെന്ന് നിർമാതാക്കളായ ബെൻസി പ്രൊഡക്ഷൻസ് അധികൃതർ പൊന്നാനിയിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.
റിലീസിംഗിന് മുമ്പുള്ള ഉപചാരങ്ങൾ സിനിമാ രംഗത്തെ പ്രശസ്തരുടെ പങ്കാളിത്തത്തോടെയും ആവേശകരമായ അനുവാചക പിന്തുണയോടെയും അരങ്ങേറിയത് ആവേശകരമാണെന്നും ബന്ധപ്പെട്ടവർ തുടർന്നു.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ഓഡിയോ ഉപചാരങ്ങൾ കഴിഞ്ഞ വാരം കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ വെച്ച് അരങ്ങേറിയിരുന്നു. ട്രെയിലർ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തിറക്കിയത് ജനപ്രിയ നായകൻ ദിലീപ് ആയിരുന്നു. ആരാധകരെ ത്രസിപ്പിക്കുന്ന മാസ് ആക്ഷൻ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയുണ്ടായി.
മലയാള സിനിമയുടെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്ന സിനിമകളിലൊന്നാവും ദി കേസ് ഡയറി എന്ന പ്രത്യാശയാണുള്ളതെന്ന് ബെൻസി പ്രൊഡക്ഷൻസ് സാരഥി ഡോ. കെ വി അബ്ദുൽ നാസർ പറഞ്ഞു. മലയാള സിനമ പ്രതീക്ഷകൾ നൽകി വളരുകയാണെന്ന് അടയാളപ്പെടുത്തുന്നത് കൂടിയാകും "ദി കേസ് ഡയറി" എന്നും അദ്ദേഹം വിവരിച്ചു.
ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന 'ദി കേസ് ഡയറി' ശ്രദ്ധ പിടിച്ചെടുത്ത നിരവധി സിനിമകൾ നിർമിച്ച ബെൻസി പ്രൊഡക്ഷൻസിൻ്റെ പതിമൂന്നാമത് ചിത്രമാണ് ഇത്.
ജനപ്രിയ തിരക്കഥാകൃത്തായ എ കെ സന്തോഷ്, ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രഹകൻ പി സുകുമാരൻ ഐ എസ് സി തുടങ്ങി നിരവധി പ്രമുഖരാണ് "ദി കേസ് ഡയറി" അവിസ്മരണീയമായ ചലച്ചിത്രാനുഭവമാക്കാൻ പിന്നണിയിൽ പ്രവർത്തിക്കുന്നത്. സാങ്കേതിക മികവിലും കഥാ ആഖ്യാനത്തിലും കുറ്റമറ്റ മികവിലാണ് ദി കേസ് ഡയറി പൂർത്തിയായിട്ടുള്ളത്.
സങ്കീർണ്ണമായ ക്രൈം - ഫാമിലി കഥാശകലങ്ങളും, അപ്രതീക്ഷിത വഴിത്തിരിവുകളും, ജനപ്രിയ ചേരുവകളും, ശക്തമായ കഥാപാത്രങ്ങളും, മികച്ച സാങ്കേതിക അനുഭവങ്ങളും ചേർന്ന് "ദി കേസ് ഡയറി" സമീപകാലത്തെ വേറിട്ട സിനിമാനുഭവമായേക്കും.
കേവലം കുറ്റകൃത്യകഥയിൽ ഒതുങ്ങിനിൽക്കാതെ, അവയുടെ മനശാസ്ത്രപരമായ തലങ്ങളിലേക്കും മനുഷ്യബന്ധങ്ങളിലേക്കും കുടുംബ സംഭവങ്ങളിലേക്കും വെളിച്ചം വീശുന്ന "ദി കേസ് ഡയറി" കുടുംബ പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരമായിരിക്കും.
സിനിമയുടെ സാങ്കേതിക മികവും പശ്ചാത്തല സംഗീതവും എഡിറ്റിംഗും എല്ലാം ചേർന്ന് ദി കേസ് ഡയറി ഒരേസമയം ഭീകരവും ഭാവനാ സമൃദ്ധവും സാധാരണ ജീവിതത്തിന്റെ ഗന്ധമുള്ളതുമായിരിക്കുമെന്നത് ചിത്രത്തിന്റെ വ്യതിരിക്തത വർദ്ധിപ്പിക്കുന്നു.
അഷ്ക്കർ സൗദാൻ ആണ് നായകൻ. ഇത്തവണത്തെ ദേശീയ ചലച്ചിത്രപുരസ്ക്കാര ജേതാവ് വിജയരാഘവൻ ഉൾപ്പെടെ രാഹുൽ മാധവ്, റിയാസ് ഖാൻ, സാക്ഷി അഗർവാൾ, നീരജ, അമീർ നിയാസ്, ഗോകുലൻ, കിച്ചു ടെല്ലസ്, ബാല, മേഘനാഥൻ, ബിജുകുട്ടൻ തുടങ്ങിയ വലിയ താരനിര ചിത്രത്തിലുണ്ട്.
മലയാള സിനിമയിൽ അവിസ്മരണീയമായ ഒരനുഭവം സമ്മാനിക്കാൻ 'ദി കേസ് ഡയറി'ക്ക് കഴിയുമോ എന്ന് ഉറ്റുനോക്കുകയാണ് അഭിനിവേശപൂർവം മലയാള സിനിമാ ലോകം.