/sathyam/media/media_files/2025/08/28/thettipoo-2025-08-28-15-14-14.jpg)
സർഗാത്മകതയുടെ ആഴമുള്ള ഒരു ചെറു ചിത്രമാണ് 'തെറ്റിപ്പൂ സമിതി' .ആൾക്കൂട്ടം വീടിനെ ഭീതിപ്പെടുത്തുന്നത്. വീടുകൾ കീഴടക്കുന്നത്. തെരുവുകൾ സ്വാന്തമാക്കുന്നത്. വായനശാലയെ പേടിപ്പിക്കുന്നത്. അധികാരത്തിന്റെ ഭീതിദവും സങ്കീർണ്ണവുമായ കാഴ്ച ആരെയും അസ്വസ്ഥരാക്കും.
ഭയപ്പെടുത്തി കീഴടക്കി തെറ്റിപ്പൂ സമിതിയുടെ ഭാഗമാക്കുന്ന രാഷ്ട്രീയ പ്രക്രിയയെ അബ്‌സേർഡിറ്റിയും, പരീക്ഷണാത്മകതയും ഇഴ ചേർത്ത് നെയ്തെടുത്ത 34 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം വർത്തമാന കാലത്തിന്റെ പേടിപ്പെടുത്തുന്ന കാഴ്ചയാണ്.
ചോദ്യങ്ങൾ അർത്ഥമില്ലാത്ത ആവർത്തനങ്ങൾ മാത്രമാവുകയും ആൾക്കൂട്ടം അക്രമാസക്തമായ അധികാരത്തിന്റെ, ആധിപത്യത്തിന്റെ സ്വഭാവം കൈവരിക്കുകയും ചെയ്യുമ്പോൾ നാം പേടിക്കേണ്ടതുണ്ട്.
ആൺ ലോകത്തിന്റെ അഴിഞ്ഞാട്ടമാണീ ചിത്രം. സർഗാത്മകമായി പ്രതിരോധത്തിന്റെ കുന്തമുന എങ്ങനെ ചെത്തിക്കൂർപ്പിക്കാം എന്ന് ഈ ചിത്രം സാക്ഷ്യം പറയുന്നു.
വർത്തമാന കാല ആൾക്കൂട്ടങ്ങളുടെ ആധിപത്യ പ്രവണതകളെ സമർത്ഥമായി വിന്യസിക്കുകയും ചരിത്രത്തെ ധ്വന്യാത്മകമായി ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു.
ഈ ചിത്രം സംവിധായകൻ അരുൺ നാഥ് കൈലാസിന്റെ സൂക്ഷ്മമായ ദൃശ്യ വിന്യാസം തെറ്റിപ്പൂ സമിതിയെ ഭീതിദമായ ഒരു കാഴ്ച അനുഭവമാക്കുന്നു. ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയാണ് ഈ ചിത്രം നിർമ്മിച്ചത്. അഭിനേതാക്കളും നാട്ടുകാരായ ചെറുപ്പക്കാർ തന്നെ. മിനിമൽ സിനിമ യൂട്യൂബിൽ ചിത്രം കാണാം.