20 ലക്ഷത്തോളം രൂപ ബാദുഷയ്ക്ക് കടമായി നൽകി. ആ തുക തിരിച്ചു നൽകിയില്ല എന്നു മാത്രമല്ല ഇത് പരാതിപ്പെട്ടതിന്റെ പേരിൽ സിനിമകളിൽ നിന്നും ഒഴിവാക്കി. നിർമാതാവ് ബാദുഷക്കെതിരെ ആരോപണവുമായി ഹരീഷ് കണാരൻ രം​ഗത്ത്

കടം വാങ്ങിയ പണം തിരികെ നൽകാത്തത് അമ്മ ജനറൽ സെക്രട്ടറിയോട് അടക്കം പരാതിപ്പെട്ടിരുന്നതായും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

author-image
ഫിലിം ഡസ്ക്
New Update
hreesh kanaran

കൊച്ചി: നിർമാതാവ് ബാദുഷ കാരണമാണ് തനിക്ക് സിനിമകൾ കുറയുന്നതെന്ന ആരോപണവുമായി നടൻ ഹരീഷ് കണാരൻ. 20 ലക്ഷത്തോളം രൂപ ബാദുഷയ്ക്ക് കടമായി നൽകിയിരുന്നു. 

Advertisment

എന്നാൽ ആ തുക തിരിച്ചു നൽകിയില്ല എന്നു മാത്രമല്ല ഇത് പരാതിപ്പെട്ടതിന്റെ പേരിൽ സിനിമകളിൽ നിന്നും ഒഴിവാക്കിയെന്ന് ഹരീഷ് വ്യക്തമാക്കി. 


അഭിനയത്തിൽ ഇടവേളയുണ്ടാകാനുള്ള കാരണം ബാദുഷയാണെന്നാണ് ഹരീഷിന്റെ വെളിപ്പെടുത്തൽ. കടം വാങ്ങിയ പണം തിരികെ നൽകാത്തത് അമ്മ ജനറൽ സെക്രട്ടറിയോട് അടക്കം പരാതിപ്പെട്ടിരുന്നതായും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. 


എന്നാൽ അതിന്റെ പേരിൽ തന്നെ സിനിമകളിൽ നിന്നെല്ലാം ഒഴിവാക്കുകയായിരുന്നെന്ന് ഹരീഷ് വ്യക്തമാക്കി. ഇതരം അനുഭവങ്ങൾ പലർക്കും ഉണ്ടായിട്ടുണ്ടെന്ന് ഹരീഷ് പറഞ്ഞു.

'ഒരു കയറ്റത്തിന് എന്തായാലും ഒരു ഇറക്കമുണ്ട്. സിനിമകളില്ലാതായത് ഇതിന്റെ ഭാഗമാണെന്ന് മാത്രമാണ് ഞാൻ കരുതിയിരുന്നത്. 'ജയന്റെ രണ്ടാം മോഷണം'അടക്കമുള്ള പല സിനിമയിലും എനിക്ക് ഡേറ്റ് തന്നിരുന്നു. 

ഇതിനിടയിൽ പണം തിരികെ ചോദിച്ചിരുന്നു, ഇടവേള ബാബുവിനെയും വിളിച്ച് കാര്യം പറഞ്ഞിരുന്നു. എന്റെ വീടുപണി നടക്കുന്ന സമയത്താണ് പൈസ തിരിച്ചു ചോദിച്ചത്. ഒരു പടം ഇറങ്ങിക്കഴിഞ്ഞ് പണം തിരികെ നൽകാമെന്നാണ് ബാദുഷ പറഞ്ഞിരുന്നത്. 

എന്നാൽ അതുണ്ടായില്ല. ഇതിനിടയിൽ 'ജയന്റെ രണ്ടാം മോഷണം' ചിത്രീകരണം തുടങ്ങിയെങ്കിലും എന്നെ വിളിച്ചില്ല. പിന്നീട് ടൊവിനോ ചോദിച്ചിരുന്നു ചേട്ടനെന്തേ പടത്തിൽ വരാതിരുന്നതെന്ന്. 

എനിക്ക് ഡേറ്റില്ലെന്നാണ് പറഞ്ഞതെന്ന് ടൊവിനോ വഴിയാണ് അറിയുന്നത്. ഇത്തരത്തിൽ ഒരുപാട് സിനിമകൾ നഷ്ടമായി. ഇതിപ്പോ പറഞ്ഞത് കൊണ്ട് എനിക്ക് സിനിമകളേ ഇല്ലാതായേക്കാം' എന്ന് ഹരീഷ് പറഞ്ഞു.

Advertisment