/sathyam/media/media_files/2025/10/04/trailer-launching-2025-10-04-22-43-56.jpg)
ദേശീയ പുരസ്കാര ജേതാവ് സജിൻ ബാബുവിൻ്റെ അഞ്ചാമത് ചിത്രമാണ് "തിയേറ്റർ". തിരുവനന്തപുരത്ത് നടന്ന പ്രൗഢമായ ചടങ്ങിൽ മന്ത്രി സജി ചെറിയാൻ ചിത്രത്തിൻ്റെ ടീസർ റിലീസ് ചെയ്തു.
റിമാ കല്ലിങ്ങൽ നായികയായ ഈ ചിത്രം അഞ്ജനാ ടാക്കീസിൻ്റെ ബാനറിൽ അഞ്ജനാ ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവർ നിർമ്മിച്ചിരിക്കുന്നു.
ഒറ്റയ്ക്ക് ഒരു സ്ത്രീ, ഇന്നത്തെ വികലമായ സമൂഹത്തെ നേരിടുന്നു എന്നതാണ് ഈ സ്ത്രീപക്ഷ സിനിമയുടെ പ്രസക്തി എന്ന് സംവിധായകൻ സജിൻ ബാബു വ്യക്തമാക്കി.
ചലച്ചിത്ര മേഖലയിലെ ഓരോ പ്രവർത്തനങ്ങളിലും കാര്യമായി ഇടപ്പെടുന്ന സർക്കാർ സംവിധാനം ഉടൻ നിലവിൽ വരുമെന്ന് ചലച്ചിത്ര വകുപ്പിൻ്റെ ചുമതല കൂടി വഹിക്കുന്ന മന്ത്രി ട്രെയ്ലർ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് പറഞ്ഞു.
അഭിനേതാക്കളായ സ്ത്രീകൾക്കു മാത്രമല്ല മറ്റ് ക്രൂമെമ്പേഴ്സിനും ജൂനിയർ ആർട്ടിസ്റ്റിനു പോലും സിനിമാ നിർമ്മാണത്തിനിടയിൽ യാതൊരുവിധത്തിലുള്ള അതിക്രമങ്ങളും നേരിടേണ്ടി വരാത്ത വിധത്തിൽ സമഗ്ര സിനിമാ നയത്തിന് സർക്കാർ മുന്നിട്ടിറങ്ങുകയാണ് എന്നും മന്ത്രി കൂട്ടി ചേർത്തു.
ഇതൊരു സ്ത്രീകേന്ദ്രീകൃത സിനിമ ആയതിനാൽ പ്രധാനപ്പെട്ട ചില വനിതകളെ ആദരിക്കുന്ന ചടങ്ങും നടത്തി. സ്നേക്ക് റെസ്ക്യൂവർ വിമൺ ജി.എസ്. റോഷ്നി , സുമി സിതാര, നിരവധി ഹെവി ഡ്രൈവിങ് ലൈസൻസ് നേടിയ രാധാമണിയമ്മ, ഹരിതകർമ്മസേനയിലെ അശ്വനി, വിന്ദുജ, ത്രേസ്യാമ്മ എന്നിവരെയാണ് ആദരിച്ചത്.
ഇതുവരെ ചെയ്യാത്ത കാര്യങ്ങളാണ് ഈ ചിത്രത്തിനു വേണ്ടി ചെയ്തതെന്ന് നായികയായ റിമ കല്ലിങ്കൽ പറഞ്ഞു. ടിപ്പിക്കൽ ഗ്രാമീണ കഥാപാത്രം. ഫിസിക്കൽ സ്ട്രെയ്ൻ എടുത്ത് തെങ്ങു കയറ്റം തുടങ്ങി നിരവധി കാര്യങ്ങൾ ഈ കഥാപാത്രത്തിനായി അഭ്യസിച്ചു. എല്ലാം പ്രേക്ഷകർക്ക് പുതുമ നൽകുമെന്ന് റിമ ആശിക്കുന്നു.
ചിത്രത്തിൻ്റെ അഭിനേതാക്കളും അണിയറ പ്രവർത്തകരുമെല്ലാം ട്രെയ്ലർ റിലീസ് ചടങ്ങിൽ എത്തിയിരുന്നു. ഒൻപതാമത് യാൾട്ട രാജ്യാന്തര ചലച്ചിത്രമേളയിലെ രാജ്യാന്തര മത്സര വിഭാഗത്തിൽ ഒക്ടോബർ 7ന് ലോക പ്രീമിയറിന് ഒരുങ്ങുകയാണ് ചിത്രം. മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട എട്ട് സിനിമകളിൽ ഒന്നാണ് തിയേറ്റർ.
തിയേറ്റർ എന്ന പേര് കൊണ്ട് തന്നെ ഒടിടി അല്ല, തിയേറ്ററിൽ തന്നെ മികച്ച കാഴ്ചാനുഭവം പ്രാപ്തമാക്കുമെന്ന് തെളിയിക്കുന്നതാണ്. മലയാള സിനിമ ഇന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും തീവ്രമായ ക്ലൈമാക്സ് ആയിരിക്കും ‘തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി’ എന്ന് അടിവരയിടുന്നു അണിയറ പ്രവർത്തകർ. ഒക്ടോബർ 16ന് ചിത്രം തിയേറ്ററിൽ റിലീസാകുന്നു.