/sathyam/media/media_files/2025/10/20/ddlj-30th-anniversary-2-2025-10-20-22-21-12.jpg)
ഷാരൂഖ്-കജോള്‍ ജോഡികളുടെ അഭ്രകാവ്യം, 'ദില്‍വാലെ ദുല്‍ഹാനിയ ലേ ജായേംഗെ' എന്ന മാസ്മരിക ചിത്രത്തിന് മുപ്പതാണ്ടു തികയുകയാണ്.
മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷവും യഥാര്‍ഥ പ്രണയം എന്താണെന്ന് രാജും (ഷാരൂഖ് ഖാന്‍) സിമ്രാനും (കജോള്‍) നിര്‍വചിക്കുന്നതു ഹൃദയങ്ങളില്‍നിന്ന് ഹൃദയങ്ങളിലേക്കു തുടരുകയാണ്. അതെ, പ്രേക്ഷകര്‍ ഇത്രത്തോളം ഹൃദയത്തോടു ചേര്‍ത്തുവച്ച മറ്റൊരു പ്രണയചിത്രം നമുക്കില്ല..!
'ഡിഡിഎല്‍ജെ' പ്രദര്‍ശനത്തിന്റെ മുപ്പതുവര്‍ഷം തികയുമ്പോള്‍ ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്‍, ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകളും തന്റെ അനുഭവങ്ങളും പങ്കുവച്ചു.
'ദില്‍വാലെ ദുല്‍ഹാനിയ ലേ ജായേംഗെ' റിലീസ് ചെയ്തിട്ട് മുപ്പതുവര്‍ഷം ആയിട്ടില്ല എന്ന് തോന്നുന്നു. ഇന്നലെ സംഭവിച്ചതുപോലെയാണ് തോന്നുന്നത്.
പക്ഷേ, ഇപ്പോഴും അത് അവിശ്വസനീയമായി തോന്നുന്നു. രാജിന്റെ വേഷം ചെയ്തതിന് ലോകമെമ്പാടുമുള്ള ചലച്ചിത്രാസ്വാദകരില്‍നിന്ന് എനിക്കു ലഭിച്ച സ്‌നേഹത്തിനു ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു.
ആരും പ്രവചിക്കാത്ത സ്വീകാര്യതയാണ് ചിത്രത്തിനു ലഭിച്ചത്. ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയങ്ങളില്‍ ഈ സിനിമ ചെലുത്തിയ സ്വാധീനം അഭൂതപൂര്‍വമാണ്.
ഈ ചിത്രം കണ്ടതിനുശേഷം നിരവധിപ്പേര്‍ എന്നെ കാണുകയും തങ്ങള്‍ വിവാഹിതരായെന്നോ പ്രണയത്തിലായെന്നോ പറയുകയും ചെയ്യുന്നു...' ഷാരൂഖ് പറഞ്ഞു.
സിമ്രാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കജോള്‍, ആ നാഴികക്കല്ല് 'അതിശയകരം' എന്നാണ് വിശേഷിപ്പിച്ചത്. 'ഒരു തലമുറയ്ക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന അനുഭവവുമായി 'ഡിഡിഎല്‍ജെ' മാറി.
യുവത്വത്തിന്റെ നിര്‍മലതയും ആദ്യ പ്രണയത്തിന്റെ സത്യസന്ധതയും അടിസ്ഥാനമാക്കിയാണ് ആ ക്ലാസിക് നിര്‍മിച്ചിരിക്കുന്നത്...' കജോള്‍ പറഞ്ഞു.
'ഡിഡിഎല്‍ജെ'യുടെ സ്വാധീനം അതിനു ശേഷം വന്ന എല്ലാ റൊമാന്റിക് സിനിമകളിലും ഉണ്ട്. കാരണം സൃഷ്ടിക്കപ്പെട്ടത് ചരിത്രമാണ്. അതൊരിക്കലും നമ്മെ വിട്ടുപോകുന്നില്ല. എനിക്ക്, സിമ്രാന്‍ അവസാനിക്കാന്‍ വിസമ്മതിക്കുന്ന ഒരു അധ്യായമാണ്.
ഈ രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് പെണ്‍കുട്ടികളെയാണ് സിമ്രാന്‍ പ്രതിനിധീകരിക്കുന്നത് - മാതാപിതാക്കള്‍ പറയുന്നത് ചെയ്യാന്‍ ആഗ്രഹിക്കുന്ന, ഒരു കൈയില്‍ പാരമ്പര്യം വഹിക്കുന്ന, മറുകൈയില്‍ സ്വാതന്ത്ര്യത്തിനായി കൈനീട്ടുന്ന പെണ്‍കുട്ടികള്‍... 'ജാ സിമ്രാന്‍, ജാ' എന്ന ഡയലോഗ് പറയുമ്പോഴെല്ലാം, ധൈര്യത്തിനും സ്‌നേഹത്തിനും ഒരുമിച്ച് നിലനില്‍ക്കാന്‍ കഴിയുമെന്ന വിശ്വാസത്തെ അത് സൂചിപ്പിക്കുന്നു...' കജോള്‍ കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിന്റെ കാലാതീതമായ ആകര്‍ഷണീയതയെക്കുറിച്ചും കജോള്‍ സംസാരിച്ചു. 'പതിനാറ് വയസില്‍ ഈ സിനിമയെ ആരാധിച്ചിരുന്ന പ്രേക്ഷകര്‍ ഇപ്പോള്‍ അവരുടെ കുട്ടികളോടൊപ്പം ഇത് കാണുന്നു.
ഇന്ത്യന്‍ സിനിമ പ്രണയത്തെ എങ്ങനെ സ്വപ്നം കാണുന്നു എന്നതിന്റെ മാതൃകയായി ഇത് മാറിയിരിക്കുന്നു. വെളുത്ത വസ്ത്രം ധരിച്ച, താന്‍ സ്‌നേഹിക്കുന്ന ഒരാളിലേക്ക് ഓടുന്ന ആ പെണ്‍കുട്ടിയായി എന്നെ ഇപ്പോഴും കാണുന്ന പ്രേക്ഷകരോട് ഞാന്‍ എന്നും നന്ദിയുള്ളവളാണ്...' കജോള്‍ പറഞ്ഞു.
ഷാരൂഖ് ഖാനുമായുള്ള അനായാസമായ കെമിസ്ട്രിയെക്കുറിച്ചും കജോള്‍ പറഞ്ഞു. 'ചിത്രത്തിന്റെ ആദ്യ ടേക്ക് മുതല്‍ അനായാസമായാണ് ഞങ്ങള്‍ ചെയ്തത്. അതുകൊണ്ടാണ് സ്‌ക്രീനില്‍ മാജിക് വളരെ സ്വാഭാവികമായി തോന്നുന്നത്.
ഞങ്ങള്‍ അഭിനയിക്കുകയല്ല ചെയ്തത്. കഥാപാത്രങ്ങളെ ശരിക്കും അറിയുകയായിരുന്നു. ഞങ്ങളുടെ കോമ്പോ പരസ്പര ബഹുമാനം കൈമാറുന്നതായിരുന്നു. ഏറ്റവും വൈകാരികമോ തീവ്രമോ ആയ രംഗങ്ങളില്‍ പോലും ഞങ്ങള്‍ സ്വാഭാവികമായി പ്രതികരിക്കുകയായിരുന്നു...' കജോള്‍ കൂട്ടിച്ചേര്‍ത്തു.