/sathyam/media/media_files/2025/02/09/s8o18LmleKivFXj0oUfx.jpg)
കൊച്ചി: കുടുംബങ്ങളുടെ മനസ്സറിഞ്ഞ ചിത്രമെന്ന വിശേഷണം സ്വന്തമാക്കി നാരായണീന്റെ മൂന്നാണ്‍മക്കള്‍ ജൈത്രയാത്ര തുടരുന്നു. മനോഹരമായ ഉള്ളടക്കവുമായി എത്തിയ ഈ കുടുംബചിത്രം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി മുന്നേറുകയാണ്. നാട്ടിന്‍ പുറത്തെ ഒരു തറവാട് വീട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥാതന്തു.
ടൈറ്റില്‍ കഥാപാത്രങ്ങളായി ജോജു ജോര്‍ജും സുരാജ് വെഞ്ഞാറമൂടും അലന്‍സിയറും മത്സരിച്ച് അഭിനയിക്കുന്ന ഈ ചിത്രം കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ എത്തുന്നു എന്നതും ശ്രദ്ധയുടെ കാരണമാണ്.
വിശ്വനാഥന്‍ എന്ന മൂത്ത മകനെ അലന്‍സിയറും സേതു എന്ന രണ്ടാമനെ ജോജു ജോര്‍ജും ഭാസ്‌കര്‍ എന്ന ഇളയ മകനെ സുരാജും അവതരിപ്പിച്ചിരിക്കുന്നു. മൂത്തയാളും ഇളയ ആളും കുടുംബമായി ജീവിക്കുമ്പോള്‍ സേതു അവിവാഹിതനും തറവാട്ടില്‍ താമസിക്കുന്നയാളുമാണ്.
ഭാസ്‌കര്‍ നീണ്ട വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അമ്മയെ അവസാനമായി കാണാന്‍ യുകെയില്‍ നിന്ന് നാട്ടില്‍ എത്തിയിരിക്കുന്നത്. ഏത് നിമിഷവും മരണം സംഭവിക്കാവുന്ന അമ്മയ്ക്കരികില്‍ പരസ്പരമുള്ള സ്‌നേഹ, ദ്വേഷങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ അഴിക്കുന്ന മക്കളെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്.
ശരണ്‍ വേണുഗോപാല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
തോമസ് മാത്യു, ഗാര്‍ഗി ആനന്ദന്‍, ഷെല്ലി എന്‍ കുമാര്‍, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.