/sathyam/media/media_files/2025/03/08/RdjrctrP1ftpsB9GUQdV.jpg)
കൊച്ചി: ശരണ്‍ വേണുഗോപാല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവര്‍ വേഷമിട്ട മലയാള ചിത്രം 'നാരായണീന്റെ മൂന്നാണ്മക്കള്‍' ഒ.ടി.ടി. സ്ട്രീമിംഗ് ആരംഭിച്ചു.
ലക്ഷണമൊത്തൊരു ഫീല്‍ ഗുഡ് ഫാമിലി ഡ്രാമയാണ് നാരായണീന്റെ മൂന്നാണ്‍ മക്കള്‍ എന്ന ചിത്രം. ആമസോണ്‍ പ്രൈമിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്.
തന്റെ അമ്മയുടെ അവസാന നാളുകളില്‍ അവരുടെ മൂന്നു മക്കളും കുടുംബത്തില്‍ ഒത്തുചേരുകയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് അല്ലറ ചില്ലറ പ്രശ്‌നങ്ങളൊക്കെ ഉണ്ടായി കുടുംബത്തിലെ ഇളയ മകനായ ഭാസ്‌കരന്‍ ഭാര്യയോടൊപ്പം യുകെയിലേക്ക് പോയതാണ്.
24 വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോഴാണ് അയാള്‍ നാട്ടിലേക്ക് തിരിച്ചെത്തുന്നത്. വല്യേട്ടനായ വിശ്വനാഥനും ജോലിയുടെ തിരക്കുകളുള്ള ആളാണ്. നടുവിലുള്ള സേതുവാണ് അമ്മയുടെ കാര്യങ്ങള്‍ നോക്കിയിരുന്നത്. ഇതുവരെയും കല്യാണം കഴിയാത്ത സേതു ഒരു പലചരക്ക് കട നോക്കി നടത്തുകയാണ്.
ഇങ്ങനെ വളരെ രസകരമായ കുറച്ചു കഥാപാത്രങ്ങളും അവരുടെ കാഴ്ചപ്പാടുകളെയും ഇമോഷന്‍സിനെയുമൊക്കെ ഭംഗിയായി അവതരിപ്പിക്കുന്ന സിനിമയാണിത്.
തിരക്കഥയുടെ ശക്തികൊണ്ടും അഭിനയിച്ചവരുടെ ഗംഭീര പെര്‍ഫോമന്‍സുകള്‍ കൊണ്ടും വളരെ റിയലിസ്റ്റിക് ആയ കഥ പറച്ചില്‍ കൊണ്ടും വ്യത്യസ്തമായ ഒരു സിനിമാനുഭവം ഈ സിനിമ സമ്മാനിക്കും.
അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രം ഹൃദയം തൊടുന്ന കഥയും കഥാപാത്രങ്ങളുമായാണ് എത്തിയിരുന്നത്. ഒടിടിയിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.