Advertisment

സിനിമയിലെ കൊള്ളരുതായ്മകളും ലൈംഗിക ചൂഷണവും പഠിച്ച ജസ്റ്റിസ് ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്തുവരിക കാതലായ ഭാഗങ്ങൾ ഒഴിവാക്കി; 25നകം റിപ്പോർട്ട് പുറത്തുവരും; റിപ്പോർട്ട് നൽകാതിരുന്നാൽ കോടതിയിൽ തിരിച്ചടിയേൽക്കുമെന്ന് സർക്കാരിന് നിയമോപദേശം; ഷൂട്ടിംഗിനിടെയുണ്ടായ നടികളുടെ ദുരനുഭവങ്ങൾ പുറത്തുവന്നാൽ സിനിമയിലെ വിഗ്രഹങ്ങൾ ഉടയും ! സർക്കാരിന്റെ കള്ളക്കളി ആരെ രക്ഷിക്കാൻ ?

മലയാള സിനിമയിലെ കൊള്ളരുതായ്മകളും ലൈംഗിക ചൂഷണവും പഠിച്ച് ജസ്റ്റിസ് ഹേമ കമ്മീഷൻ സർക്കാരിന് നൽകിയ റിപ്പോർട്ട് പുറത്തുവിടുക പ്രസക്ത ഭാഗങ്ങൾ ഒഴിവാക്കിയായിരിക്കും

author-image
ഫിലിം ഡസ്ക്
New Update
hema commission

തിരുവനന്തപുരം: മലയാള സിനിമയിലെ കൊള്ളരുതായ്മകളും ലൈംഗിക ചൂഷണവും പഠിച്ച് ജസ്റ്റിസ് ഹേമ കമ്മീഷൻ സർക്കാരിന് നൽകിയ റിപ്പോർട്ട് പുറത്തുവിടുക പ്രസക്ത ഭാഗങ്ങൾ ഒഴിവാക്കിയായിരിക്കും. ഈ മാസം 25ന് റിപ്പോർട്ട് പുറത്തുവിടാനാണ് സാദ്ധ്യത.

Advertisment

റിപ്പോർട്ട് പുറത്തു വിടണമെന്ന സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്. വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചാൽ തിരിച്ചടി കിട്ടുമെന്നാണ് നിയമോപദേശം. 

നേരത്തേ റിപ്പോർട്ട് പുറത്തുവിടേണ്ടെന്നായിരുന്നു സർക്കാർ ആലോചിച്ചിരുന്നത്. പങ്കാളിത്ത പെൻഷൻ റദ്ദാക്കുന്നതിനെക്കുറിച്ച് പഠിച്ച സമിതിയുടെ റിപ്പോർട്ടും സർക്കാർ പുറത്തുവിട്ടിരുന്നില്ല. ഒടുവിൽ സർവീസ് സംഘടനകൾ സുപ്രീംകോടതി വരെ പോയാണ് റിപ്പോർട്ടിന്റെ പകർപ്പ് നേടിയെടുത്തത്.

സമാനമായ നിയമപോരാട്ടത്തിന് ഹേമാ കമ്മീഷൻ റിപ്പോർട്ടും ഇടയാകുമെന്നും സർക്കാരിന് തിരിച്ചടിയുണ്ടാവുമെന്നും വ്യക്തമായതോടെയാണ് റിപ്പോർട്ട് പുറത്തുവിടാനുള്ള നീക്കം.  കാതലായ വിഷയങ്ങൾ മറച്ചുവച്ചായിരിക്കും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുക.

 

 23നകം അപേക്ഷകരിൽ നിന്ന് ഫീസ് വാങ്ങി 25നകം വിവരം നൽകണമെന്നും 26ന് സാംസ്‌കാരിക വകുപ്പിന്റെ നടപടി റിപ്പോർട്ട് കമ്മീഷന് സമർപ്പിക്കണമെന്നും വിവരാവകാശ കമ്മീഷണർ എ. അബ്ദുൽ ഹക്കീം ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവ് പൂർണമായി നടപ്പാക്കിയെന്ന് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ഉറപ്പ് വരുത്തണം.

വിവരം കൈമാറാത്ത പക്ഷം സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ, അപ്പീൽ അധികാരി എന്നിവർ ജൂലായ് 27ന് കമ്മീഷന് മുന്നിൽ നേരിട്ട് ഹാജരാകണം. ഇതൊഴിവാക്കാനാവും സർക്കാർ ശ്രമിക്കുക.


 സിനിമ മേഖലയുമായി ബന്ധപ്പെട്ട് 60 ഓളം വനിതകളുടെ മൊഴിയും സാക്ഷി മൊഴിയും രേഖപ്പെടുത്തിയ ഹേമ കമ്മിറ്റി 2019 ഡിസംബർ 31ന് റിപ്പോർട്ടാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. അതിലെ കണ്ടെത്തെലുകൾ വെളിപ്പെടുത്താനും പരിഹാര നടപടികൾക്കും സർക്കാ‌ർ തയ്യാറായില്ല.


 ലൊക്കേഷനിൽ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി നിലവിൽ വന്നത് ഡബ്ല്യു.സി.സി ഹൈക്കോടതിയിൽ നിന്ന അനുകൂല ഉത്തരവ് നേടിയതിന് പിന്നാലെയായിരുന്നു. റിപ്പോർട്ട് പഠിക്കാൻ ചലച്ചിത്ര അക്കാഡമി സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കാൻ സാംസ്കാരിക വകുപ്പ് തീരുമാനിച്ചെങ്കിലും റിപ്പോർട്ട് അക്കാഡമിക്ക് ലഭ്യമാക്കിയില്ല. സമിതിയുടെ രൂപീകരണവും നടന്നില്ല. കമ്മിറ്റി റിപ്പോർട്ട് ചോരുമെന്ന ആശങ്കയായിരുന്നു കാരണം.

സിനിമാ മേഖലയിലെ ചൂഷണങ്ങളെക്കുറിച്ച് നടിമാരും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ നൽകിയ മൊഴികൾ പൂർണമായി നീക്കിയ ശേഷമായിരിക്കും റിപ്പോർട്ട് പുറത്തുവിടുക. സിനിമാ സെറ്റുകളിലും മറ്റു സ്ഥലങ്ങളിലുമുണ്ടായ ദുരനുഭവങ്ങളാണ് മൊഴികളിൽ ഭൂരിഭാഗവും. ഇവ അനുബന്ധമായാണു റിപ്പോർട്ടിലുള്ളത്. ഫോട്ടോകളും മറ്റും ഉൾപ്പെടെ ഒട്ടേറെ തെളിവുകളും രേഖകളും ഇതിന്റെ ഭാഗമായുണ്ടെന്നാണു വിവരം.

സ്വകാര്യത ലംഘിക്കാതെ വിവരങ്ങൾ നൽകാനാണ് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കീമിന്റെ ഉത്തരവ്. മുദ്രവച്ച കവറിൽ കമ്മിഷനു സാംസ്കാരിക വകുപ്പ് കൈമാറിയ റിപ്പോർട്ടിൽ അനുബന്ധം ഉൾപ്പെടുത്തിയിരുന്നില്ല. ബാക്കി 295 പേജുകളാണു കൈമാറിയതെന്നു കമ്മിഷന്റെ ഉത്തരവിലുണ്ട്.

വിവിധ അധ്യായങ്ങളായി തിരിച്ച റിപ്പോർട്ടിൽ മൊഴികളും മറ്റും വീണ്ടും എടുത്തുപറയുന്നതിനാൽ അവയും നീക്കും. ചില പേജുകളും ഖണ്ഡികകളും നീക്കാൻ കമ്മിഷൻ തന്നെ ഉത്തരവിൽ നിർദേശിച്ചത് ഈ സാഹചര്യത്തിലാണ്. സാംസ്കാരിക വകുപ്പ് നീക്കുന്ന ഭാഗങ്ങൾ ഏതൊക്കെയാണെന്ന് അപ്പീലും പരാതിയും നൽകിയ 5 പേരെയും നോട്ടിസ് മുഖേന അറിയിക്കണം.


അതേസമയം,  ജസ്‌റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് സിനിമയിലെ വനിതാകൂട്ടായ്‌മ (ഡബ്ല്യു.സി.സി) പറഞ്ഞു.


2019ൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകൾ പുറത്തുവിടാതെ നിർദ്ദേശങ്ങൾ നടപ്പാക്കാമെന്ന വാദം സംവിധാനങ്ങളെ പരിഹസിക്കുന്നതാണ്. റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ പുറത്തുവരുന്നത് പരിഹാരനടപടികൾ പ്രാവർത്തികമാക്കുന്നതിനും പുരോഗമനപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനും ഉപകരിക്കും. നിലവിൽ സിനിമാ വ്യവസായത്തെ അപകടത്തിലാക്കുന്ന അനീതികളും അസന്തുലിതാവസ്‌ഥയും നിർബന്ധമായും പുറത്തുവരണം.

സിനിമയിൽ സ്‌ത്രീകൾ അനുഭവിക്കുന്ന വിവേചനങ്ങളും അനീതികളും തുറന്നുകാണിക്കുന്ന പഠനങ്ങൾ നടത്തി മികച്ച പ്രായോഗികരീതികൾ ശുപാർശ ചെയ്‌ത് വനിതാകൂട്ടായ്‌മ സർക്കാരിന് മുമ്പും റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്. അനീതികളെ പൊളിച്ചടുക്കി കൂടുതൽ ലിംഗസമത്വമുള്ള തൊഴിലിടങ്ങളുണ്ടാകണം. വിവരാവകാശ കമ്മിഷന്റെ ഇടപെടലോടെ അതിജീവിതയ്ക്ക് നീതി ലഭിക്കുമെന്നും ഭാവിയിലെങ്കിലും നിർഭയമായി വിവേചനവും വേർതിരിവും ചൂഷണങ്ങളുമില്ലാത്ത തൊഴിലിടങ്ങളിലേക്ക് തിരിച്ചുപോകാൻ സാധിക്കുമെന്നും പ്രത്യാശിക്കുന്നതായി കൂട്ടായ്‌മ അറിയിച്ചു.

Advertisment