വീണ്ടും ഒന്നിക്കാൻ അടൂരും മമ്മൂട്ടിയും. അണിറയറിൽ മമ്മൂട്ടിയെ നായകനാക്കി പുതിയ സിനിമ ഒരുങ്ങുന്നു. ആദ്യ ആലോചന രണ്ടിടങ്ങഴി എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരം. അന്തിമ തീരുമാനം പിന്നീട്. ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനി

അടുത്തിടെ സംസ്ഥാനസർക്കാരിന്റെ പരിപാടിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തെത്തിയ മമ്മൂട്ടി അടൂരിനെയും മധുവിനെയും സന്ദർശിച്ചിരുന്നു. മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ദീർഘകാലമായി അടൂരിന്റെ മനസ്സിലുണ്ട്.

author-image
ഫിലിം ഡസ്ക്
New Update
adoor gopalakrishnan mammooty

തിരുവനന്തപുരം: ഒരു ദശാബ്ദക്കാലത്തിന് ശേഷം വീണ്ടും അടൂർ ഗോപാലകൃഷ്ണൻ സിനിമാ രംഗത്ത് സജീവമാവുന്നു. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിൽ മമ്മൂട്ടി നായകനാവും. തകഴിയുടെ പ്രസിദ്ധമായ 'രണ്ടിടങ്ങഴി' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു ആദ്യം ആലോചനയിലുണ്ടായിരുന്നത്.

Advertisment

മമ്മൂട്ടിക്കും അതിൽ താത്പര്യമായിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. മമ്മൂട്ടി കമ്പനിയായിരിക്കും ചിത്രം നിർമിക്കുക. പ്രാഥമിക ജോലികളും കൂടിയാലോനകളും പുരോഗമിക്കുകയാണ്.

അടുത്തിടെ സംസ്ഥാനസർക്കാരിന്റെ പരിപാടിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തെത്തിയ മമ്മൂട്ടി അടൂരിനെയും മധുവിനെയും സന്ദർശിച്ചിരുന്നു. മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ദീർഘകാലമായി അടൂരിന്റെ മനസ്സിലുണ്ട്. കൂടിക്കാഴ്ചയിൽ ഇത് സംബന്ധിച്ച തീരുമാനമായി എന്നാണ് വിവരം. തുടർന്നാണ് സിനിമയ്ക്കായുള്ള ആലോചനകൾക്ക് തുടക്കമായത്.


1958-ൽ പി.സുബ്രഹ്മണ്യമാണ് രണ്ടിടങ്ങഴി എന്ന നോവലിനെ  ആദ്യമായി സിനിമയാക്കിയത്. നീല പ്രൊഡക്ഷൻസ് നിർമിച്ച 'രണ്ടിടങ്ങഴി'യുടെ തിരക്കഥയും സംഭാഷണവും തകഴി തന്നെയായിരുന്നു. ആ വർഷം മികച്ച പ്രാദേശിക സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും ഈ ചിത്രത്തിനായിരുന്നു.


ജന്മിത്തത്തിനെതിരായ, കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളുടെ സമരത്തിന്റെ കഥ പറയുന്ന നോവലാണ് രണ്ടിടങ്ങഴി. കോരൻ എന്ന കർഷകത്തൊഴിലാളിയെ സിനിമയിൽ അവതരിപ്പിച്ചത് പി.ജെ.ആന്റണിയാണ്. ഭാര്യ ചിരുതയായി മിസ് കുമാരിയും അരങ്ങിലെത്തി. മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ടി.എസ്.മുത്തയ്യ, തിക്കുറിശ്ശി സുകുമാരൻ നായർ, കൊട്ടാരക്കര ശ്രീധരൻ നായർ, ബഹദൂർ എന്നിവരാണ്. തലമുറകൾ ഏറ്റുപാടിയ 'തുമ്പപ്പൂ പെയ്യണ പൂ നിലാവേ.'ഉൾപ്പെടെ ഇതിലെ പാട്ടുകളും ശ്രദ്ധനേടി.

എന്നാൽ പ്രാഥമികമായി മാത്രമാണ് ചർച്ചകൾ നടക്കുന്നതെന്നും ഏത് കഥയാണെന്ന് ഉറപ്പിച്ചിട്ടില്ലെന്നുമാണ് നിലവിൽ ലഭിക്കുന്ന വിവരം. 1987ൽ 'അനന്തരം' എന്ന ചിത്രത്തിലാണ് അടൂരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചത്. അതിനുശേഷം 'മതിലുകൾ', 'വിധേയൻ' എന്നീ ചലച്ചിത്രങ്ങളും മമ്മൂട്ടിയെ നായകനാക്കി അടൂർ സംവിധാനം ചെയ്തു.


'മതിലുകളി'ൽ വൈക്കം മുഹമ്മദ് ബഷീറിന്റെയും 'വിധേയനി'ൽ ഭാസ്‌കരപട്ടേലർ എന്ന ജന്മിയുടെയും കഥാപാത്രങ്ങളായിരുന്നു മമ്മൂട്ടിക്ക് ലഭിച്ചത്. 1989-ൽ 'മതിലുകളി'ലൂടെയും 1994-ൽ 'വിധേയനി'ലൂടെയും മമ്മൂട്ടി മികച്ച നടനുള്ള ദേശീയ അവാർഡ് നേടി. 'വിധേയന്' അദ്ദേഹത്തിന് സംസ്ഥാന അവാർഡും ലഭിച്ചു. 


2016ൽ ദിലീപ്, കാവ്യാമാധവൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കിയ 'പിന്നെയും' ആണ് അടൂർ ഒടുവിൽ സംവിധാനം ചെയ്ത സിനിമ. ഏതാണ്ട് ഒരു ദശാബ്ദത്തിനുശേഷം സംവിധാനരംഗത്തേക്കുള്ള അടൂരിന്റെ മടങ്ങിവരവ് കൂടിയാകും മമ്മൂട്ടിക്കൊപ്പമുള്ള സിനിമ.

മമ്മൂട്ടി മൂന്നുപതിറ്റാണ്ടിന് ശേഷമാണ് അടൂർ ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുന്നത്. ഇതിനിടെ മമ്മൂട്ടി അഭിനയിച്ച നൻപകൽ നേരത്ത് മയക്കം, ഭ്രമയുഗം, പുഴു എന്നീ ചിത്രങ്ങൾ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചലച്ചിത്ര രംഗത്തെ ജാതി അധിക്ഷേപ വിവാദങ്ങൾക്ക് ശേഷം അടൂർ വീണ്ടും സംവിധായക കുപ്പായമണിയുന്നു എന്ന പ്രത്യേകതയുമുണ്ട്.

Advertisment