മലയാളികളുടെ പ്രിയ താരം മമ്മൂട്ടി മൂന്ന് വേഷങ്ങളിലെത്തി നിറഞ്ഞാടിയ ചിത്രം ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ വീണ്ടും തിയേറ്ററുകളിലെത്തുന്നു എന്ന വാർത്തകൾ സിനിമാപ്രേമികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്.
ഏറ്റവും പുതിയശബ്ദ സാങ്കേതിക മികവോടെ സെപ്റ്റംബർ ഇരുപതിന് ചിത്രം പ്രദർശനത്തിനെത്തുമെന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചത്. എന്നാൽ സിനിമയുടെ റിലീസ് മാറ്റിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി മമ്മൂട്ടി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബർ നാലിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ചിത്രം വീണ്ടും പ്രദർശനത്തിന് ഒരുങ്ങുമ്പോൾ മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാൻ ആരാധകർ ഇത്തവണയും തിയേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. സംഭാഷണ ശൈലിയിലും ശരീര ചലനങ്ങളിലും അടിമുടി വ്യത്യസ്തത നിറഞ്ഞ മൂന്ന് കഥാപാത്രങ്ങളെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും മമ്മൂട്ടിയെ തേടിയെത്തി. മികച്ച നടിക്കുള്ള അവാർഡ് ശ്വേത മേനോനും കരസ്ഥമാക്കി.