/sathyam/media/media_files/Tw1S6TZLXQcKMbo8vtJ0.jpg)
കൊച്ചി: ജിതിൻ ലാൽ സംവിധാനം ചെയ്ത ടൊവിനോ നായകനായെത്തിയ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചവരെ പിടികൂടി. ബം​ഗളൂരുവിൽ നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. തമിഴ്നാട് സ്വദേശികളായ പ്രവീൺ, കുമരേശൻ എന്നിവരാണ് സൈബർ പൊലീസിന്റെ പിടിയിലായത്.
വൺതമിൽഎംവി എന്ന വെബ്സൈറ്റിലൂടെയാണ് ഇവർ വ്യാജപതിപ്പുകൾ പുറത്തിറക്കിയത്. മൂന്നു പേരാണ് സൈറ്റിന്റെ പ്രവർത്തനത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ഒരാളെ കൂടി പിടികൂടാനുണ്ട്. തമിഴ് റോക്കേഴ്‌സ് സംഘത്തില്‍പ്പെട്ടവരാണ് പ്രതികളെന്നാണ് വിവരം. പ്രതികളെ കാക്കനാട് സൈബർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
കോയമ്പത്തൂരിലെ തിയറ്ററിൽ നിന്നാണ് ചിത്രം മൊബൈലിൽ പകർത്തിയതെന്നാണ് പ്രാഥമിക വിവരം. വ്യാജ പതിപ്പ് പ്രചരിപ്പിച്ച വെബ്സൈറ്റ് സൈബർസെൽ പൂട്ടിച്ചു. വ്യാജ പതിപ്പ് പ്രചരിപ്പിച്ചവരുടെ കൈയില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ രജനികാന്ത് സിനിമ വേട്ടയ്യന്‍റെ വ്യാജ പതിപ്പും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.