പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ആഷിഖ് അബു ചിത്രം ‘റൈഫിൾ ക്ലബ്ബി’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഡിസംബർ 19 നാകും ചിത്രം റിലീസ് ചെയ്യുക. സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു വിവാഹ ചിത്രത്തിനൊപ്പമാണ് റിലീസ് തിയതി വെളിപ്പെടുത്തിയിരുന്നത്.
പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപും ചിത്രത്തിൽ എത്തിയിട്ടുണ്ട്. അനുരാഗ് അവതരിപ്പിക്കുന്ന ദയാനന്ദ് ബാരെ എന്ന കഥാപത്രത്തിന്റെ പോസ്റ്ററും വൈറലായിരുന്നു. വാണി വിശ്വനാഥിന്‍റെ ക്യാരക്ടർ പോസ്റ്റർ ഇതിനോടകം തന്നെ തരംഗമായിരുന്നു.
മായാനദിക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.സുരേഷ് കൃഷ്ണ , സുരഭി ലക്ഷ്മി, ദിലീഷ് പോത്തൻ, വിഷ്ണു ആഗസ്ത്യ, വിനീത് കുമാർ, ഉണ്ണിമായ എന്നിവരുടെ എന്നീ ക്യാരക്ടർ പോസ്റ്ററുകളും പുറത്തിറങ്ങിയിട്ടുണ്ട്. ചിത്രത്തിലെ ആദ്യ ട്രാക്കായ ‘ഗന്ധർവ്വ ഗാനം’ അടുത്തിടെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.
ഒ.പി.എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്ന് ആണ് ചിത്രം നിർമ്മിക്കുന്നത്.റൈഫിൾ ക്ലബ്ബിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ്.