/sathyam/media/media_files/2025/10/20/mammootty-2025-10-20-17-52-59.jpg)
അനുഭവങ്ങളും അന്വേഷണങ്ങളുമാണ് ഒരു നടനെ പരുവപ്പെടുത്തുന്നത്. മമ്മൂട്ടി എന്ന നടന്റെ അഭിനയജീവിതത്തില്‍ പ്രേക്ഷകരെയും ചലച്ചിത്രലോകത്തെയും വിസ്മയിപ്പിച്ച നിരവധി കഥാപാത്രങ്ങളുണ്ട്.
വിധേയന്‍ എന്ന ചിത്രത്തിലെ ഭാസ്‌കരപ്പട്ടേലര്‍, പൊന്തന്‍മാടയിലെ മാട, മതിലുകളിലെ കഥാകാരന്‍/ബഷീര്‍, സൂസന്നയിലെ ഡാനി, പാലേരി മാണിക്യത്തിലെ അഹമ്മദ് ഹാജി... അങ്ങനെ എത്രയെത്ര കഥാപാത്രങ്ങള്‍... അഭ്രപാളികളില്‍ ആ മഹാനടന്‍, 'മമ്മൂട്ടി' എന്ന 'അഹ'ത്തെ മാറ്റിവച്ച് കഥാപാത്രമായി പരകായപ്രവേശം നടത്തുകയായിരുന്നു.
എഴുത്തിനാലാം വയസില്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ആ മഹാനടനെ പ്രാപ്തനാക്കിയത് അഭിനയകലയുടെ 'ഉപാസകന്‍' എന്നതുകൊണ്ടു മാത്രമാണ്.
ചലച്ചിത്രനിരീക്ഷകര്‍ പറയാറുണ്ട്. മമ്മൂട്ടി ഒരു കാലഘട്ടത്തിന്റെ മാത്രം നടനല്ല, എന്ന്. അദ്ദേഹത്തിന്റെ അഭിനയജീവിതം ആരംഭിച്ചകാലം തൊട്ട്, ആ നടന്‍ സ്വയം വിമര്‍ശിക്കുകയും തന്നെത്തന്നെ പുതുക്കിപ്പണിയുകയുമായിരുന്നു.
അതുകൊണ്ടുമാത്രമാണ് കാലം മാറുമ്പോഴും പുതിയ നടനായി മാറുന്നത്. അദ്ദേഹം നടനല്ല, എന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. കാരണം അദ്ദേഹം നടന്മാരുടെ നടനാണ്. അഭിനയകലയുടെ കുലപതി !
/filters:format(webp)/sathyam/media/media_files/7NBeR2EdtxzjaKan5MWY.jpg)
സമകാലികനടന്മാരെ അപേക്ഷിച്ച്, വലിപ്പച്ചെറുപ്പമോ, പ്രായവ്യത്യാസമോ, നവാഗതനോ എന്ന വ്യത്യാസങ്ങളൊന്നും പ്രകടിപ്പിക്കാതെ വ്യത്യസ്തമായ അഭ്രകാവ്യവുമായി വന്നവരെ അദ്ദേഹം സ്വീകരിച്ചു. ആ കഥാപാത്രങ്ങള്‍ക്കായി രാപകല്‍ അദ്ദേഹം കഷ്ടപ്പെട്ടു.
തനിക്കു യോജിക്കാന്‍ കഴിയുന്നിടത്ത് അല്ലെങ്കില്‍ തന്റെ കഥാപാത്ര അന്വേഷണങ്ങളെ പ്രചോദിപ്പിക്കുന്നിടത്ത് മമ്മൂട്ടിയിലെ 'അഭിനയപുരുഷന്‍' തമ്പടിച്ചു. തന്നെത്തന്നെ ആവര്‍ത്തിക്കുന്ന പതിവ് മമ്മൂട്ടിക്കില്ല. ഒരുകാലത്ത് അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ (കുടുംബചിത്രങ്ങള്‍) നിരന്തരം ചെയ്ത്, ബോക്സ്ഓഫീസില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ആ നടന്‍, സിനിമയില്ലാതെ ചടഞ്ഞുകൂടിയ നാളുകളുമുണ്ട്.
/filters:format(webp)/sathyam/media/media_files/2025/11/03/1920x1080_7a4a5696-c349-4d28-a3c9-94aa0c026ba2-2025-11-03-22-30-43.jpg)
പിന്നീട് തന്നെത്തന്നെ പുനര്‍നിര്‍മിച്ച് താരം വീണ്ടും അവതരിക്കുകയുമായിരുന്നു. ന്യൂഡല്‍ഹി എന്ന ജോഷി ചിത്രം അദ്ദേഹത്തിന്റെ അത്തരത്തിലൊരു പുനര്‍വരവിന് നിമിത്തമായ ചിത്രമാണ്. പിന്നീട് ബ്ലെസിയുടെ കാഴ്ചയും. ഒരേസമയം, രാജമാണിക്യമാകാനും മാടയാകാനും മറ്റാര്‍ക്കു കഴിയും..?
വിഖ്യാത ചലച്ചിത്രകാരന്‍ കെ.ജി. ജോര്‍ജിന്റെ 'യവനിക'യിലെ ജേക്കബ് ഈരാളി, ക്ലാസിക് സംവിധായകന്‍ ഭരതന്റെ 'അമര'ത്തിലെ അച്ചൂട്ടി, 'വടക്കന്‍ വീരഗാഥ'യിലെ ചന്തു ചേകവര്‍, 'ലൗഡ് സ്പീക്കറി'ലെ മൈക്ക്, 'പ്രാഞ്ചിയേട്ട'നിലെ പ്രാഞ്ചി, 'പത്തേമാരി'യിലെ പള്ളിക്കല്‍ നാരായണന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ പഠിക്കുമ്പോള്‍, കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റവും ആഴവും മനസിലാക്കാനാകും.
കഥാപാത്രങ്ങളുടെ ആഴങ്ങള്‍ തേടിയുള്ള ഏകാന്തയാത്രയാണ് മമ്മൂട്ടിയെ മഹാനടനാക്കിയതും മറ്റുള്ളവരില്‍നിന്നു വ്യത്യസ്തനാക്കിയതും. മമ്മൂട്ടിയല്ലാതെ, മറ്റൊരു നടനെയും തന്റെ 'ചന്തു' വായി സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്ന് എംടി പറഞ്ഞതിന്റെ പൊരുളും അതാണ്.
/sathyam/media/post_attachments/wp-content/uploads/2024/02/IMG_8623-501371.jpeg)
അവാര്‍ഡ് പ്രഖ്യാപനവേളയില്‍ ജൂറിയുടെ വാക്കുകള്‍, മമ്മൂട്ടിയുടെ അഭിനയജീവിതത്തെ മൊത്തത്തില്‍ വിലയിരുത്തുന്നതായിരുന്നു. 'കൊടുമണ്‍ പോറ്റി', 'ചാത്തന്‍' എന്നീ രണ്ടു പാത്രസൃഷ്ടികളെ ഏകശരീരത്തിലേക്ക് ആവാഹിച്ചുനടത്തിയ ഭാവാഭിനയ മികവ്- എന്നാണ് ജൂറി പറഞ്ഞത്. നടന്‍ എന്ന നിലയില്‍ ശരീരം മാത്രമല്ല, മനസും അഭിനയപരീക്ഷണത്തിന്റെ ശാലയാക്കി മമ്മൂട്ടി മാറ്റുന്നു.
എന്നാല്‍; ഇതൊന്നുമല്ല, കാലത്തിനൊപ്പം നടന്ന നടന്‍ എന്നും മനസിലാക്കേണ്ടിയിരിക്കുന്നു. ഇതിലും ആഴമുള്ള, തലമുറകളെ പ്രചോദിപ്പിക്കുന്ന എത്രയോ കഥാപാത്രങ്ങളായി ആ 'മഹാപുരുഷന്‍' ഇനിയും അവതരിക്കാനിരിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us