'3 ദിവസം പട്ടിണി,തലേന്നാൾ വെള്ളവും ഇല്ല,രാത്രി 30 ml വോഡ്ക'; പൃഥ്വിയുടെ ആ സീനിനെ കുറിച്ച് ഛായാഗ്രഹകൻ

author-image
മൂവി ഡസ്ക്
New Update
_Aadujeevitham_Cinematographer_Sunil_K_S_about_Prithviraj_s_Epic_scene_tranformation.webp

ആടുജീവിതത്തിലെ പൃഥ്വിയുടെ ശാരീരിക മാറ്റം വളരെ ഭീകരമായി കാണിക്കുന്ന ആ സീൻ തിയേറ്ററിൽ പ്രേക്ഷകർ അമ്പരപ്പ് മാറാതെയാണ് കണ്ടിരിക്കുന്നത്. ഒരു സിനിമയ്ക്ക് വേണ്ടി ഇത്രയും അപകടകരമായി മാറാൻ സാധിക്കുമോ എന്ന് തോന്നിപ്പിക്കും വിധമുള്ള മാറ്റമാണ് പൃഥ്വി നടത്തിയത്. നിരവധി വീഡിയോകളില്‍ പൃഥ്വി സിനിമയ്ക്ക് വേണ്ടി താൻ സ്വീകരിച്ച പരീക്ഷണങ്ങളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. സിനിമയിലെ ഒരു പ്രത്യേക സീനിന് വേണ്ടി നടൻ ചെയ്തതെന്തൊക്കെയെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ ആടുജീവിതത്തിന്റെ ഛായാഗ്രഹകൻ സുനിൽ കെ എസ്.

'ഓരോ ഷോട്ടിനും അതത് സമയമുണ്ട്. ആ സമയത്ത് മാത്രമേ ഷോട്ട് എടുക്കുകയുളളൂ. പൃഥ്വിരാജ് മൂന്ന് ദിവസമായി ഫാസ്റ്റിങ് ആയിരുന്നു. തലേ ദിവസം ഉച്ച മുതൽ വെള്ളം കുടിച്ചിട്ടില്ല, അന്ന് രാത്രി 30 മില്ലി വോഡ്ക കൂടെ കൊടുത്തു. അതുകൂടി കൊടുത്തു കഴിഞ്ഞപ്പോൾ ശരീരത്തിലെ മുഴുവൻ ജലാംശവും വറ്റി ഡീഹൈഡ്രേറ്റഡ് ആയി,' അദ്ദേഹം വിശദമാക്കി.

'അടുത്ത ദിവസം ഷോട്ട് എടുക്കാൻ വേണ്ടി അദ്ദേഹത്തെ ഒരു കസേരയിൽ കൊണ്ടുവന്നിരുത്തി. ഷോട്ട് എടുത്തു, ഷോട്ട് എടുത്തു കഴിഞ്ഞതും അതുപോലെ തന്നെ അദ്ദേഹത്തെ തിരിച്ചുകൊണ്ടാക്കി. ഷോട്ട് കഴിഞ്ഞ് ഇരുന്നാൽ പൃഥ്വിക്ക് എഴുന്നേൽക്കണമെങ്കിൽ ആരുടെയെങ്കിലും സഹായം വേണമായിരുന്നു. അത്രയും ക്ഷീണിതന്‍ ആയിരുന്നു പൃഥ്വിരാജ്. അന്ന് ആ ഷോട്ട് മാത്രമേ എടുത്തുള്ളു' സുനിൽ കെ എസ് പറഞ്ഞു.

Advertisment