'സ്വപ്‌നങ്ങൾ ബാക്കിയാക്കി പോയല്ലോ പ്രിയ സുഹൃത്തേ'; ടിടിഇയുടെ മരണത്തില്‍ സംവിധായകൻ വിനോദ് ഗുരുവായൂർ

author-image
മൂവി ഡസ്ക്
New Update
2ce914ed-15dd-4a3d-a5d8-2f041d298a24_thrissur_tte_death (1).jpg

ടിടിഇ കെ വിനോദിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സംവിധായകൻ വിനോദ് ഗുരുവായൂർ. 'പ്രിയ വിനോദ് മാപ്പ്' എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് ആരംഭിക്കുന്നത്. 'സിനിമ വലിയൊരു ആഗ്രഹമായിരുന്നു. ചെറിയ വേഷങ്ങൾ ചെയ്തു. സ്വപ്‌നങ്ങൾ ബാക്കിയാക്കി പോയല്ലോ പ്രിയ സുഹൃത്തേ' എന്ന് വിനോദ് ഗുരുവായൂർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

തൃശ്ശൂര്‍ വെളപ്പായയിലാണ് ടിടിഇയെ ഇന്നലെ രാത്രി ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊന്നത്. ‌ ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ അതിഥി തൊഴിലാളിയായ യാത്രക്കാരനാണ് ടിടിഇ കെ വിനോദിനെ കൊലപ്പെടുത്തിയത്. ഒരു ടിടിഇ എന്നതിനപ്പുറം മലയാള സിനിമയുമായി ഏറെ ബന്ധമുള്ള വ്യക്തിയായിരുന്നു കെ വിനോദ്. മലയാള സിനിമയുടെ സ്വന്തം ടിടിഇ എന്നായിരുന്നു സിനിമാ മേഖലയിൽ വിനോദ് പൊതുവെ അറിയപ്പെട്ടിരുന്നത്.

മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ എന്നിങ്ങനെ മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളുടെയും സിനിമകളിൽ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് വിനോദ്. സ്‌കൂൾ കാലം മുതൽ അഭിനയത്തിൽ തത്പരനായിരുന്ന അദ്ദേഹം സംവിധായകൻ ആഷിഖ് അബുവിന്റെ സഹപാഠിയായിരുന്നു. ആഷിഖ് അബു-മമ്മൂട്ടി ചിത്രം ഗ്യാങ്സ്റ്ററിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റവും, മമ്മൂട്ടിയുടെ ഗുണ്ടാ സംഘത്തിലെ പ്രധാനിയായി.

തുടർന്ന് മംഗ്ലീഷ്, ഹൗ ഓൾഡ് ആർ യു, അച്ഛാദിൻ, രാജമ്മ @ യാഹൂ, പെരുച്ചാഴി, മിസ്റ്റർ ഫ്രോഡ്, കസിൻസ്, വിക്രമാദിത്യൻ, ഒപ്പം, പുലിമുരുകൻ തുടങ്ങി നിരവധി സിനിമകളിൽ വിനോദ് അഭിനയിച്ചിട്ടുണ്ട്. എറണാകുളത്തായിരുന്നു വിനോദിന്റെ സ്ഥിരതാമസം.

Advertisment
Advertisment