ആസിഫ് അലി, അപർണ ബാലമുരളി എന്നിവർ വീണ്ടുമൊന്നിച്ച സിനിമ കിഷ്കിന്ധാ കാണ്ഡത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ട് ആസിഫ് അലിയാണ് ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചത്. നവംബർ 19-നാണ് ചിത്രം ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഡിസ്നി ഹോട്സ്റ്റാറിലാണ് ചിത്രം സ്ട്രീമിംഗ് നടക്കുക.
മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം എത്തുമെന്നാണ് വിവരം. ബാഹുൽ രമേശിന്റെ രചനയിൽ ദിൻജിത്ത് അയ്യത്താനാണ് കിഷ്കിന്ധാ കാണ്ഡം സംവിധാനം ചെയ്തത്. ഗുഡ്‌വിൽ എൻ്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് നിർമാണം നിർവ്വഹിച്ചത്. മിസ്റ്ററി ത്രില്ലർ ജോണറിലെത്തിയ ചിത്രം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു.
ഓണം റിലീസായി സെപ്റ്റംബർ 12-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ആദ്യ ദിവസം തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള വാർത്തകൾ നേരത്തെയും പുറത്തെത്തിയിരുന്നു. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് സംവിധാനം ചെയ്ത ചിത്രമാണിത്. അടുത്തിടെ പുറങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധനേടിയ ഒന്നായിരുന്നു കിഷ്കിന്ധാ കാണ്ഡം.