മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. 2024 ജനുവരി 25 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പ്രേക്ഷകർ പ്രതീക്ഷിച്ച മോഹൻലാൽ ചിത്രമായിരുന്നില്ല വാലിബൻ. ഇത് ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചിരുന്നു. നിലവിൽ ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട വിവരം പുറത്തു വരുകയാണ്. മാർച്ച് ആദ്യവാരം ഒ.ടി.ടി റിലീസായി എത്തുമെന്നാണ് വിവരം. ഒ.ടി.ടി പ്ലേ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാകും ചിത്രം എത്തുക. ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.
ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത്. ഐഎംഡിബി റിപ്പോർട്ട് പ്രകാരം വാലിബൻ ഇതുവരെ നേടിയിരിക്കുന്നത് 29.65 കോടിയാണ്. 65 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.
ബറോസ് ആണ് മോഹന്‍ലാലിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം . മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മാര്‍ച്ചില്‍ ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരം. റംബാന്‍,വൃഷഭ, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍, അനൂപ്‍ സത്യന്‍ ചിത്രം എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റു മോഹന്‍ലാല്‍ സിനിമകള്‍.