/sathyam/media/media_files/2025/06/20/soubin-shahir-2025-06-20-14-26-49.jpg)
കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയാണ് സൗബിന്‍ ഷാഹിര്‍. നേരത്തെ വിദേശയാത്രയ്ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് സൗബിന്‍ എറണാകുളം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. വിദേശത്ത് സംഘടിപ്പിക്കുന്ന അവാര്‍ഡ് ഷോയില്‍ പങ്കെടുക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ കോടതി ഇത് അംഗീകരിക്കാതെ ഹര്‍ജി തള്ളുകയായിരുന്നു.
സിനിമയില്‍ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിര്‍മാതാക്കള്‍ ഏഴ് കോടി തട്ടിയെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് മഞ്ഞുമ്മല്‍ ബോയ്സിനെതിരെ കേസെടുത്തത്. സിനിമയുടെ നിര്‍മാണത്തിനായി പല ഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചെന്നുമായിരുന്നു സിറാജ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്.
എന്നാൽ വാഗ്ദാനം നല്‍കിയ പണം ഇയാൾ കൃത്യസമയത്ത് നല്‍കിയില്ലെന്നായിരുന്നു നിർമാതാക്കളുടെ വാദം. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിര്‍മാതാക്കള്‍ ആരോപിച്ചിരുന്നു. അതുകൊണ്ടാണ് ലാഭവിഹിതം നല്‍കാതിരുന്നതെന്നും നിര്‍മാതാക്കള്‍ പറഞ്ഞിരുന്നു.