/sathyam/media/media_files/DL6tFS15y8W61Lz1BIlN.jpg)
ആടുജീവിതം സിനിമ കണ്ട അനുഭവം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബ്ലസി ഒരുക്കിയ കരുത്തുറ്റ രംഗഭാഷ പൃഥിരാജ് സ്ക്രീനിൽ ജീവിച്ചു തീർത്തപ്പോൾ കാണികളുടെ ഹൃദയത്തിൽ കാരമുള്ള് കൊണ്ട് കീറിയ ഒരു നോവുണ്ടാകുമെന്ന് രമേശ് ചെന്നിത്തല കുറിച്ചു. ഇന്നലെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. റിലീസ് ദിവസം തന്നെ സിനിമ കാണാനെത്തിയ അദ്ദേഹം തിയേറ്ററിലിരുന്നു സിനിമ ആസ്വദിക്കുന്ന ചിത്രവും ആടു ജീവിതത്തിന്റെ ടൈറ്റിൽ കാർഡിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
'സ്വപ്നങ്ങളുമായി വിമാനം കയറി ജീവിതത്തിൻ്റെ കത്തുന്ന ചിതയിലൂടെ നടന്നു തീരുന്ന ലക്ഷക്കണക്കിന് പ്രവാസികളുണ്ട്. ഹരിപ്പാട് സ്വദേശിയായ നജീബിൻ്റെ കഥ അതിൻ്റെ അത്യപാരതകളിലൊന്നാണ്. ബെന്യാമിൻ്റെ ജീവസുറ്റ അക്ഷരങ്ങൾക്ക് ബ്ലസി ഒരുക്കിയ കരുത്തുറ്റ രംഗഭാഷ പൃഥിരാജ് സ്ക്രീനിൽ ജീവിച്ചു തീർത്തപ്പോൾ കണ്ടിരിക്കുന്നവരുടെ ഹൃദയത്തിൽ കാരമുള്ള് കൊണ്ട് കീറിയ ഒരു നോവുണ്ടാകും. ആടുജീവിതം കണ്ടു. മലയാള സിനിമയുടെ നാഴിക കല്ലുകളിൽ ഒന്നാണ് എന്ന് നിസംശയം പറയാം. പകരം വെക്കാൻ വാക്കുകളില്ല,' രമേശ് ചെന്നിത്തല കുറിച്ചു.