മാധ്യമങ്ങള്‍ക്കും, സംസ്ഥാന വനിതാ കമ്മീഷനും, ജനങ്ങള്‍ക്കും നന്ദി; സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷ; ഇത് സ്ത്രീകളുടെ ശബ്ദം, ഇത് തീര്‍ച്ചയായും കേള്‍ക്കണം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ഡബ്ല്യുസിസി

സിനിമാ മേഖലയിൽ മാന്യമായ ഒരു പ്രൊഫഷണൽ ഇടം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകളുടെയും നീതിക്ക് വേണ്ടി തങ്ങള്‍ നടത്തിയ പോരാട്ടം ശരിയായിരുന്നുവെന്ന് വിശ്വസിക്കുന്നുവെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ്

author-image
ഫിലിം ഡസ്ക്
New Update
wcc neww.jpg

കൊച്ചി: സിനിമാ മേഖലയിൽ മാന്യമായ ഒരു പ്രൊഫഷണൽ ഇടം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകളുടെയും നീതിക്ക് വേണ്ടി തങ്ങള്‍ നടത്തിയ പോരാട്ടം ശരിയായിരുന്നുവെന്ന് വിശ്വസിക്കുന്നുവെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് സംബന്ധിച്ച് സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കുകയായിരുന്നു ഡബ്ല്യുസിസി.

ഡബ്ല്യുസിസിയുടെ കുറിപ്പ്: 

Advertisment

“ആകാശം നിഗൂഢതകൾ നിറഞ്ഞതാണ്; അവിടെ മിന്നിത്തിളങ്ങുന്ന താരങ്ങളും മനോഹരമായ ചന്ദ്രനുമുണ്ട്. എന്നാൽ, താരങ്ങള്‍ മിന്നിത്തിളങ്ങുകയോ ചന്ദ്രൻ മനോഹരമായി കാണപ്പെടുകയോ ചെയ്യുന്നില്ലെന്ന് ശാസ്ത്രീയ അന്വേഷണത്തിൽ കണ്ടെത്തി. നിങ്ങള്‍ കാണുന്നത് വിശ്വസിക്കരുതെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു. ഉപ്പ് പോലും കാണപ്പെടുന്നത് പഞ്ചസാര പോലെയാണ്‌” ! :  ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്.

ഞങ്ങള്‍ക്കിത് നീണ്ട യാത്രയാണ് ! സിനിമാ മേഖലയിൽ മാന്യമായ ഒരു പ്രൊഫഷണൽ ഇടം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകളുടെയും നീതിക്ക് വേണ്ടി നടത്തിയ പോരാട്ടം ശരിയായിരുന്നുവെന്ന് വിശ്വസിക്കുന്നു. 

ഇന്ന് ഞങ്ങള്‍ ശരിയാണെന്ന് തെളിയിക്കപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതും ഡബ്ല്യുസിസി എടുത്ത മറ്റൊരു നടപടിയുടെ ഭാഗമാണ്. സിനിമാ വ്യവസായത്തിൽ ലിംഗഭേദം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിൻ്റെ റിപ്പോർട്ട് സിനിമാ ചരിത്രത്തിൽ ഇതാദ്യമാണ്. ജസ്റ്റിസ് ഹേമ, ശാരദ, ഡോ വത്സലകുമാരി എന്നിവർ ഈ റിപ്പോർട്ട് തയ്യാറാക്കാൻ ചെലവഴിച്ച മണിക്കൂറുകൾക്ക് ഞങ്ങൾ നന്ദി പറയുന്നു.

മാധ്യമങ്ങളോടും കേരള സംസ്ഥാന വനിതാ കമ്മീഷനോടും കേരളത്തിലെ ജനങ്ങളോടും എല്ലാ വനിതാ സംഘടനകളോടും അഭിഭാഷകരോടും നിരന്തരമായ തുടർനടപടികൾക്കും പിന്തുണക്കും വിമൻ ഇൻ സിനിമാ കളക്ടീവ് നന്ദി പറയുന്നു.

ശുപാർശകൾ പഠിച്ച് ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് ഞങ്ങൾ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. ഇത് സ്ത്രീകളുടെ ശബ്ദമാണ്, ഇത് തീർച്ചയായും കേൾക്കണം!

Advertisment