നടി തൃഷയ്ക്കെതിരായ മാനനഷ്ടക്കേസില്‍ നടന്‍ മന്‍സൂര്‍ അലി ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. കേസ് കൊടുക്കേണ്ടത് തൃഷയാണെന്നും പൊതുവിടത്തില്‍ എങ്ങനെ പെരുമാറണമെന്ന് മന്‍സൂര്‍ പഠിക്കണമെന്നും കോടതി വിമര്‍ശിച്ചു. കേസ് ഈ മാസം 22ലേക്ക് മാറ്റി വെയ്ക്കുന്നതായും കോടതി അറിയിച്ചു. മന്‍സൂര്‍ അലി ഖാന്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ വിമര്‍ശനം.
തൃഷ ഉള്‍പ്പെടെ മൂന്ന് താരങ്ങള്‍ക്കെതിരെയാണ് മദ്രാസ് ഹൈക്കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കിയത്. തൃഷ, ദേശീയ വനിതാ കമ്മിഷന്‍ അംഗം ഖുശ്ബു, നടന്‍ ചിരഞ്ജീവി എന്നിവര്‍ക്കെതിരെയാണ് മന്‍സൂര്‍ അലിഖാന്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്. ഇവര്‍ മൂന്നു പേരും തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ അപമാനിച്ചുവെന്നും നഷ്ടപരിഹാരം നല്‍കണം എന്നുമാണ് മന്‍സൂറിന്റെ ആവശ്യം.
ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തത്. താന്‍ തമാശയായി പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വീഡിയോ പൂര്‍ണമായി കാണാതെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി എന്നുമാണ് ഹര്‍ജിയിലെ ആരോപണം. മാപ്പ് പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതൊരു വലിയ തമാശയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.
'ലിയോ' എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് ല്‍കിയ അഭിമുഖത്തില്‍ നടി തൃഷയ്ക്കെതിരെ മന്‍സൂര്‍ അലി ഖാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ലിയോയില്‍ തൃഷയാണ് നായികയെന്നറിഞ്ഞപ്പോള്‍ ഒരു കിടപ്പറ രംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചുവെന്നായിരുന്നു മന്‍സൂര്‍ അലിഖാന്റെ വിവാദമായ പ്രസ്താവന. മന്‍സൂര്‍ അലിഖാനെതിരെ തൃഷയും രംഗത്തെത്തിയിരുന്നു.
മന്‍സൂര്‍ അലി ഖാന്റെ കൂടെ ഇനിയൊരിക്കലും കൂടെ അഭിനയിക്കില്ലെന്നായിരുന്നു തൃഷയുടെ പ്രതികരണം. എന്നാല്‍ താന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു അലിഖാന്റെ വാദം. ഒരിക്കലും മാപ്പുപറയില്ലെന്നും വ്യക്തമാക്കി. എന്നാല്‍ കേസെടുത്തതോടെ പിന്നീട് ഖേദപ്രകടനത്തിന് തയ്യാറായി. ഇതോടെ തെറ്റ് മനുഷ്യസഹജമാണെന്നും ക്ഷമിക്കുന്നത് ദൈവികമാണെന്നുമാണെന്നും തൃഷ പ്രതികരിച്ചു. മന്‍സൂറിനെതിരെ നിരവധി പേര്‍ എത്തിയിരുന്നു.