ഡൽഹി: എൻ ഇനിയ പൊൻ നിലവേ എന്ന തമിഴ് ഗാനത്തിന്റെ പകർപ്പവകാശം സംബന്ധിച്ച കേസിൽ സംഗീത സംവിധായകൻ ഇളയരാജയ്ക്ക് തിരിച്ചടി.
ഗാനത്തിന്റെ പകർപ്പവകാശം സംബന്ധിച്ച് ഡൽഹി ഹൈക്കോടതിയിൽ സരിഗമ നൽകിയ കേസിലാണ് ഇളയരാജയ്ക്കെതിരായ വിധി വന്നത്.
പ്രസ്തുത ഗാനത്തിന്റെ പകർപ്പവകാശം സരിഗമയ്ക്ക് ആണെന്നും അത് മറ്റൊരാൾക്ക് നൽകാൻ ഇളയരാജയ്ക്ക് നിയമപരമായി സാധിക്കില്ലെന്നും കോടതി പറഞ്ഞു.
ബാലു മഹേന്ദ്രയുടെ സംവിധാനത്തിൽ 1980 ൽ പുറത്തെത്തിയ മൂടു പണി എന്ന ചിത്രത്തിൽ ഇളയരാജ സംഗീതം പകർന്ന ഗാനമാണ് എൻ ഇനിയ പൊൻ നിലവേ.
പുറത്തിറങ്ങാനിരിക്കുന്ന അഗത്തിയാ എന്ന തമിഴ് ചിത്രത്തിനുവേണ്ടി സംഗീത സംവിധായകനും ഇളയരാജയുടെ മകനുമായ യുവൻ ശങ്കർ രാജ ഈ ഗാനം റീമേക്ക് ചെയ്തിരുന്നു.
ഇതിനെതിരെയാണ് സരിഗമ കോടതിയെ സമീപിച്ചത്. അനുമതി കൂടാതെയാണ് പുതിയ ചിത്രത്തിൽ പ്രസ്തുത ഗാനം ഉപയോഗിച്ചിരിക്കുന്നതെന്ന് സരിഗമ പറഞ്ഞു.
ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയിട്ടും വിവിധ പ്ലാറ്റ്ഫോമുകളിൽ അഗത്തിയായുടെ നിർമ്മാതാക്കളായ വേൽസ് ഇന്റർനാഷണൽ ഗാനം പ്രചരിപ്പിച്ചുവെന്നും സരിഗമ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കി.
പ്രസ്തുത ഗാനത്തിന്റെ പകർപ്പവകാശം ഗാനത്തിന്റെ സംഗീത സംവിധായകനായ ഇളയരാജയിൽ നിന്ന് തങ്ങൾ വാങ്ങിയിരുന്നുവെന്നായിരുന്നു വേൽസ് ഇന്റർനാഷണലിന്റെ മറുവാദം.
എന്നാൽ സരിഗമയ്ക്കാണ് ഗാനത്തിന്റെ പകർപ്പവകാശമെന്ന് ഹൈക്കോടതി വിലയിരുത്തി. സംഗീത സംവിധായകനായ ഇളയരാജയ്ക്ക് ഗാനത്തിനുമേൽ യാതൊരു അവകാശവുമില്ലെന്നും കോടതി വ്യക്തമാക്കി.