/sathyam/media/media_files/04CyTIGUb1zA7avqrcMz.jpg)
ഗൗതം മേനോന്റെ സംവിധാനത്തില്‍ വിക്രം കേന്ദ്ര കഥാപാത്രമാകുന്ന 'ധ്രുവനച്ചത്തിരം' കാണാന്‍ പ്രേക്ഷകര്‍ക്ക് ഇനിയും കാത്തിരിക്കണം. ഓണ്‍ലൈന്‍ ബുക്കിങ് വരെ ആരംഭിച്ചിട്ടും ചിത്രം ഇന്ന് തിയേറ്ററുകളിലെത്തില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഗൗതം മേനോന്‍. പുലര്‍ച്ചെ മൂന്ന് മണിക്കാണ് അദ്ദേഹം ഇക്കാര്യം ട്വീറ്റ് ചെയ്തത്. സാമ്പത്തികമായ ചില പ്രശ്‌നങ്ങളാണ് പുതിയ പ്രതിസന്ധിക്ക് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം തിയേറ്ററുകളിലെത്താനിരിക്കെയാണ് ധ്രുവനച്ചത്തിരം റിലീസ് വീണ്ടും മാറ്റിയത്. സ്‌പൈ ത്രില്ലറായി രണ്ടു ഭാഗങ്ങളിലെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗമായ യുദ്ധകാണ്ഡമായിരുന്നു പ്രദര്‍ശനത്തിനെത്തേണ്ടിയിരുന്നത്. വെള്ളിയാഴ്ച തിയേറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങുന്നതിന് മുന്നോടിയായി ഓണ്‍ലൈന്‍ ബുക്കിങ് ഉള്‍പ്പെടെ ആരംഭിച്ചിരുന്നു. അതിനിടെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ക്ഷമാപണ കുറിപ്പുമായി ഗൗതം മേനോന്‍ എത്തിയത്. ചിത്രം നിശ്ചയിച്ച സമയത്തുതന്നെ തിയേറ്ററുകളിലെത്തിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് അദ്ദേഹം പറയുന്നു.
''ക്ഷമിക്കണം. ധ്രുവനച്ചത്തിരം ഇന്ന് സ്‌ക്രീനുകളില്‍ എത്തില്ല. ഞങ്ങള്‍ പരമാവധി ശ്രമിച്ചു, പക്ഷേ റിലീസ് സാധ്യമാക്കാന്‍ ഞങ്ങള്‍ക്ക് ഒന്നോ രണ്ടോ ദിവസം കൂടി ആവശ്യമാണ്. മികച്ച സ്‌ക്രീനുകളും, കൃത്യമായ മുന്‍കൂര്‍ ബുക്കിങും അടക്കം മികച്ച രീതിയില്‍ നല്ല അനുഭവമായി ചിത്രം എന്നും. ചിത്രത്തിനുള്ള നിങ്ങളുടെ ഹൃദയസ്പര്‍ശിയായ പിന്തുണ ഞങ്ങളെ മുന്നോട്ട് നയിക്കുകയാണ്. കുറച്ച് ദിവസങ്ങള്‍ കൂടി, ഞങ്ങള്‍ എത്തും.'' ഗൗതം മേനോന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
സിനിമ ചെയ്യുന്നതിനായി ഗൗതം മേനോന്‍ പ്രമുഖ ബാനറില്‍ നിന്നും വാങ്ങിയ 2.6 കോടി തിരിച്ചുകൊടുക്കാത്തതാണ് പ്രശ്‌നമെന്നാണ് വിവരം. രണ്ടുകേസുകളാണ് ധ്രുവനച്ചത്തിരം റിലീസുമായി ബന്ധപ്പെട്ട് ഗൗതം മേനോനും അദ്ദേഹത്തിന്റെ ടീമിനുമെതിരെയുമുള്ളത്. കടം വാങ്ങിയ പണം വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് മുമ്പ് ബന്ധപ്പെട്ടവര്‍ക്ക് തിരിച്ചുനല്‍കണമെന്ന് സംവിധായകനോട് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ പണം കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിക്കാത്തതിനാലാണ് ധ്രുവനച്ചത്തിരത്തിന്റെ റിലീസ് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല ഈ സിനിമയുടെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്‌സ് വിറ്റുപോകാത്തതും ഗൗതം മേനോന് തിരിച്ചടിയായി.
വിക്രം സ്‌പൈ ഏജന്റ് ആയി എത്തുന്ന ചിത്രത്തില്‍ വിനായകന്‍ ആണ് വില്ലന്‍. സ്‌പൈ ത്രില്ലറായ ധ്രുവനച്ചത്തിരം 2016ലാണ് ആരംഭിക്കുന്നത്. ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്‌നം മൂലം 2018 മുതല്‍ ചിത്രത്തിന്റെ ജോലികള്‍ നിര്‍ത്തി വെയ്ക്കുകയും പിന്നീട് തുടങ്ങുകയും ചെയ്യുകയായിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചിത്രം ഇപ്പോള്‍ റിലീസിനെത്തുന്നത്. ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ഋതു വര്‍മ്മ, സിമ്രാന്‍, ആര്‍ പാര്‍ഥിപന്‍, ഐശ്വര്യ രാജേഷ്, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യ ദര്‍ശിനി എന്നീ വമ്പന്‍ താരനിരയാണ് വിക്രം നായകനായ ചിത്രത്തില്‍ അണിനിരക്കുന്നത്. ജോണ്‍ എന്ന സീക്രട്ട് ഏജന്റ് ആയാണ് ചിത്രത്തില്‍ വിക്രം എത്തുന്നത്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഹാരിസ് ജയരാജാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.